സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും; സംഘടനാ വിഷയങ്ങള്‍ പ്രധാന അജണ്ട

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി നടക്കും. സംഘടനാ വിഷയങ്ങളാണ് പ്രധാന അജണ്ട. തൃക്കാക്കര തെരഞ്ഞെടുപ്പ്

തോല്‍വി, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ പാര്‍ട്ടി സമ്മേളനങ്ങളിലെ വിഭാഗീയത എന്നിവ അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.

ഇ പി ജയരാജനെതിരെ പി ജയരാജന്‍ റിസോര്‍ട്ട് ആരോപണം ഉന്നയിച്ച ശേഷം ചേരുന്ന ആദ്യ സംസ്ഥാന സമിതിയോഗമാണിത്. സംസ്ഥാന സമിതിയില്‍ പങ്കെടുക്കുന്ന ഇ പി ജയരാജന്‍ ആരോപണത്തില്‍ തന്റെ ഭാഗം വിശദീകരിക്കും. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ ഉള്ള പ്രതിപക്ഷ സമരം നേരിടാനുള്ള തന്ത്രങ്ങള്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയുടെ തയ്യാറെടുപ്പുകളും യോഗം ചര്‍ച്ച ചെയ്യും.

 

കണ്ണൂരില്‍ 30 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിനു പിന്നില്‍ ഇ.പി. ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി. ജയരാജന്‍ ഉന്നയിച്ചിരുന്നത്. കേരള ആയുര്‍വേദിക് ആന്റ് കെയര്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താന്‍ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ പറയുകയും ചെയ്തിരുന്നു.