തിരൂർ: ആറാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ മദ്രസാധ്യാപകന് 37 ½ വര്‍ഷം കഠിന തടവും 80000 രൂപ പിഴയും വിധിച്ചു. പ്രതി മഞ്ചേരി, എളങ്കൂർ കിഴക്കുമ്പറമ്പില്‍സുലൈമാൻ (56)ന് എതിരെയാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് സി.ആർ ദിനേഷ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 34 മാസം കഠിന തടവും അനുഭവിക്കണം. പിഴ അടച്ചാല്‍ 70000/- രൂപ കേസ്സിലെ ഇരയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി.
2015 ഏപ്രിൽ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. 6-ാം ക്ലാസ്സില്‍ പഠിക്കുന്ന 11 വയസ്സ് പ്രായമുള്ള ആണ്‍ കുട്ടിയെ പള്ളിയിലെ മുറിയിൽ വെച്ച് മദ്രസാധ്യാപകനായ പ്രതി കുട്ടിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് സിഗരറ്റ് വലിപ്പിക്കുകയും, പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിന് ഇരയാക്കുകയും ചെയ്തതായാണ് പരാതി. സംഭവത്തിൽ കല്പകഞ്ചേരി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന കെ.എം സൂലൈമാന്‍, എം.കെ ഷാജി എന്നിവരായിരുന്നു അന്വേഷണോദ്യഗസ്ഥര്‍.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍മാരായ ആയിഷ പി. ജമാല്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഹാജരായി. തിരൂര്‍ സ്റ്റേഷനിനിലെ അസി.സബ് ഇന്‍സ്പെക്ടര്‍ എന്‍. പി. സീമ പ്രോസീക്യൂഷനെ സഹായിച്ചു.
പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.