കുറഞ്ഞ അടവ്; മികച്ച റിട്ടേൺ; സ്ത്രീകൾക്ക് നിക്ഷേപിക്കാൻ പറ്റിയ രണ്ട് പദ്ധതികൾ

 

സ്ത്രീ സ്വാതന്ത്ര്യം പോലെ തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം. ആരുടേയും ആശ്രയമില്ലാതെ സ്വന്തമായി അധ്വാനിച്ച് ആ ശമ്പളം സ്വന്തമായി ക്രയവിക്രയം ചെയ്ത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് സ്ത്രീകൾ എത്തേണ്ടത് അനിവാര്യമാണ്. പല വീടുകളിലും ഇപ്പോഴും സ്ത്രീകളുടെ ശമ്പളം പുരുഷന്മാർ തട്ടിയെടുത്ത് അവരാണ് ചെലവഴിക്കുന്നത്. അത്തരം വീടുകളിൽ, ഈ രീതി വിട്ട് സ്ത്രീകൾ സ്വന്തമായി ശമ്പളം കൈകാര്യം ചെയ്ത് തുടങ്ങേണ്ടിയിരിക്കുന്നു. ഒപ്പം ഫലപ്രദമായി നിക്ഷേപിക്കുകയും വേണം. സ്ത്രീകളുടെ സമ്പാദ്യ ശീലം വർധിപ്പിക്കാനും അവരുടെ ഉന്നമനത്തിനും വേണ്ടി രണ്ട് പദ്ധതികൾ കേന്ദ്ര സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഒന്ന് മഹിള സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്, രണ്ട് സുകന്യ സമൃദ്ധി യോജന.

 

മഹിള സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്

 

ഹ്രസ്വകാല്യ നിക്ഷേപ പദ്ധതിയാണ് മഹിള സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. മാർച്ച് 2023 മുതൽ മാർച്ച് 2025 വരെ നീണ്ട് നിൽക്കുന്ന ഈ പദ്ധതി 7.5% പലിശ നിരക്കാണ് നൽകുന്നത്. പ്രായ പരിധിയില്ലാത്ത ഈ പദ്ധതിയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമേ നിക്ഷേപിക്കാൻ സാധിക്കൂ.

 

രണ്ട് ലക്ഷെ രൂപ വരെ നിക്ഷേപിക്കാവുന്ന ഈ പദ്ധതി പ്രകാരം കാലാവധി പൂർത്തിയാക്കിയാൽ 2.32 ലക്ഷം രൂപ തിരികെ ലഭിക്കും.

പോസ്റ്റ് ഓഫിസ് വഴിയോ, ബാങ്ക് വഴിയോ പദ്ധതിയിൽ പങ്കാളികളാകാവുന്നതാണ്.

 

സുകന്യ സമൃദ്ധി യോജന

 

രാജ്യത്തെ പെൺകുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച പദ്ധതി സുകന്യ സമൃദ്ധി യോജന. സുരക്ഷിതമായ മികച്ച നിക്ഷേപം എന്നതിലുപരി നികുതി ഇളവ് ലഭിക്കുന്ന ഒരു പദ്ധതി കൂടിയാണ് ഇത്. കുറവ് മാസ തവണകൾ നൽകി മകൾക്കായി ലക്ഷങ്ങൾ സമ്പാദിക്കാനുള്ള എളുപ്പവഴിയാണ് സുകന്യ സമൃദ്ധി യോജന. ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ ഭാഗമായാണ് പദ്ധതി രൂപീകരിച്ചത്.

 

പത്ത് വയസിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിൽ മാതാപിതാക്കൾക്ക് സുകന്യ സമൃദ്ധി യോജന പ്രകാരം അക്കൗണ്ട് തുടങ്ങാം. പോസ്റ്റ് ഓഫിസ് വഴിയോ ബാങ്ക് വഴിയോ അക്കൗണ്ട് തുറക്കാം. 7.60% ആണ് പലിശ നിരക്ക്. 21 വർഷമാണ് മെച്യൂരിറ്റി കാലാവധി.

 

250 രൂപ മുതൽ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കാം. ഇത്തരത്തിൽ പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിക്ഷേപത്തിൽ വീഴ്ച വരുത്തിയാൽ അക്കൗണ്ട് അസാധുവാകും. എന്നാൽ അടുത്ത മാസം 50 രൂപ നൽകി അക്കൗണ്ട് വീണ്ടെടുക്കാവുന്നതാണ്.

15 വർഷമാണ് പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കുക. പ്രതിമാസം 1000 രൂപ നിങ്ങൾ നിക്ഷേപിക്കുകയാണെങ്കിൽ 15 വർഷം കൊണ്ട് നിങ്ങൾ നിക്ഷേപിക്കുക 1,80,000 രൂപയായിരിക്കും. എന്നാൽ മെച്യൂരിറ്റി പിരീഡ് കൂടി കണക്കിലെടുത്ത് മൊത്തം 21 വർഷം പൂർത്തിയാക്കുമ്പോൾ 3,47,445 രൂപ പലിശ കൂടി ചേർത്ത് നിങ്ങളുടെ മകൾക്ക് 5,27,445 രൂപ തിരികെ ലഭിക്കും.

നിങ്ങളുടെ മകൾക്ക് 18 വയസാകുന്നതോടെ അക്കൗണ്ട് ഉടമ മകളായിരിക്കും. 1961 ലെ ആദായ നികുതി ആക്ട് പ്രകാരം സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നികുതി ഇളവും ലഭിക്കും.