ഒരു കോടി രൂപയുടെ സ്വര്‍ണവുമായി  യുവതി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസിന്റെ പിടിയില്‍. കോഴിക്കോട് നരിക്കുനി സ്വദേശിനി അസ്മ ബീവിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് യുവതി സ്വര്‍ണം കടത്തിയത്.

ദുബായില്‍ നിന്നാണ് അസ്മ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസ് വിഭാഗത്തിന് യുവതി സ്വര്‍ണം കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും സ്വര്‍ണ്ണം കടത്തിയ വിവരം ഇവര്‍ കസ്റ്റംസിനോട് സമ്മതിച്ചിരുന്നില്ല. ലഗേജ് ഉള്‍പ്പെടെ വിശദമായി പരിശോധിച്ചെങ്കിലും സ്വര്‍ണ്ണം കണ്ടെത്താന്‍ കസ്റ്റംസിന് സാധിച്ചില്ല.

ശേഷം വിശദമായി നടത്തിയ ദേഹപരിശോധനിലാണ് അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ ഏകദേശം ഒരു കോടിക്ക് മുകളില്‍ രൂപ വിലവരും. വസ്ത്രത്തില്‍ പ്രത്യേകമായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.