
ഐപിഎല്‍ പതിനാറാം സീസണിന് വര്‍ണാഭമായ തുടക്കം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ആറ് മണിയോടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. താരസുന്ദരികളായ രശ്‌മിക മന്ദാനയുടെയും തമന്ന ഭാട്ടിയയുടേയും നൃത്തച്ചുവടുകൾ ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി.
ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ഗുജറാത്തിനെ ഹാര്‍ദിക് പാണ്ഡ്യയും ചെന്നൈയെ എം എസ് ധോണിയുമാണ് നയിക്കുന്നത്. ടൈറ്റന്‍സിന്‍റെ ഹോം ഗ്രൗണ്ടെങ്കിലും ധോണി ആരാധകര്‍ മത്സരം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ തവണത്തെ മോശം പ്രകടനത്തെ മറികടക്കാനാണ് സിഎസ്‌കെ ഇത്തവണ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ഒന്‍പതാം സ്ഥാനത്താണ് സിഎസ്‌കെ ഫിനിഷ് ചെയ്‌തത്.
അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങിയത്. കളിയിലും ക്യാപ്റ്റന്‍സിയും തഴക്കവും വഴക്കവും വന്ന മഹേന്ദ്ര സിംഗ് ധോണിയും ഓള്‍റൗണ്ട് മികവുമായി മുന്നില്‍നിന്ന് നയിക്കുന്ന ഹാര്‍ദിക് പണ്ഡ്യയും നേര്‍ക്കുനേര്‍ എത്തുകയാണ്. ഡേവിഡ് മില്ലറുടെ അഭാവം നികത്താനാവില്ലെങ്കിലും കെയ്ന്‍ വില്യംസന്റെ സ്ഥിരതയാര്‍ന്ന പ്രകടനം ടൈറ്റന്‍സിന് കരുത്താവും.

