പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ഉയരും, ആവശ്യ സാധനങ്ങള്‍ക്കും വിലയേറും; നികുതി നിര്‍ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

 

സംസ്ഥാനത്ത് പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍. പെട്രോള്‍, ഡീസല്‍ വില കൂടിയതോടെ ആവശ്യസാധനങ്ങള്‍ക്കും വിലയേറും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിച്ചു. വാഹന, കെട്ടിട നികുതി വര്‍ധനക്കൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി അഞ്ചാക്കി കുറച്ചതും ഇന്ന് മുതല്‍ പ്രാബല്യത്തിലായി.

പൊതുജനത്തിന്റെ നടുവൊടിച്ച് പുതിയ നികുതി നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍. സാമൂഹ്യസുരക്ഷ പെന്‍ഷനുള്ള പണം കണ്ടെത്താനാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വര്‍ധിപ്പിച്ചത്. രാത്രി 12 മണി മുതല്‍ വില വര്‍ധവന് പ്രാബല്യത്തില്‍ വന്നു. 500 മുതല്‍ 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും വര്‍ധിച്ചു.

ഭൂമിയുടെ ന്യായവില 20 ശതമാനം കൂടി. ആനുപാതികമായി റജിസ്‌ട്രേഷന്‍ ചെലവും ഉയര്‍ന്നു. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ നികുതിയും കൂടിയിട്ടുണ്ട്. മോട്ടോര്‍ സൈക്കിളുകള്‍ക്ക് 2 ശതമാനവും പുതിയ കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയുമാണ് വര്‍ധന. വൈദ്യുതി തീരുവ 5 ശതമാനമാക്കി. ഫ്‌ലാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും നിര്‍മ്മിച്ച് ആറ് മാസത്തിനകം മറ്റൊരാള്‍ക്ക് കൈമാറുമ്പോഴുള്ള 5 ശതമാനം മുദ്രപത്ര നിരക്ക് ഏഴ് ശതമാനമായി. കെട്ടിട നികുതിയിലും ഉപനികുതികളിലും അഞ്ച് ശതമാനമാണ് വര്‍ധനവ് .ജൂഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാന്പുകളുടെ നിരക്ക് കൂടി. ചിലമേഖലകളില്‍ പ്രഖ്യാപിച്ച ഇളവുകളും പ്രാബല്യത്തിലായി.വില്‍പ്പന നടന്ന ഭൂമി മൂന്ന് മാസത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ ഇരട്ടി സ്റ്റാന്പ് ഡ്യൂട്ടി നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറഞ്ഞു.