വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന ഹരജി ഹൈകോടതി തള്ളി

കൊച്ചി: വന്ദേ ഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ട്രെയിനുകള്‍ക്ക് എവിടെയൊക്കെ സ്റ്റോപ്പ് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം റെയില്‍വേക്കാണെന്നും ഇതില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ജസ്റ്റിസ് ബെച്ചു കുര്യന്റേതാണ് ഉത്തരവ്.

വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ലാത്തതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ഇത് ഒരു തരത്തിലും നീതികരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രതികരിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം മലപ്പുറം തിരുന്നാവായയില്‍ വന്ദേഭാരത് ട്രെയിനിനെതിരെ കല്ലേറുണ്ടായതും വലിയ വാര്‍ത്തയായിരുന്നു. കാസര്‍കോട് – തിരുവനന്തപുരം സര്‍വീസിനിടെ തിരൂര്‍ സ്റ്റേഷന്‍ വിട്ടതിന് ശേഷമാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ട്രെയിന്‍ തിരൂര്‍ സ്റ്റേഷന്‍ പിന്നിട്ടത്.

ആര്‍.പി.എഫും പൊലീസും അന്വേഷണം ആരംഭിച്ചു. ആര്‍.പി.എഫ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ലോക്കല്‍ പൊലീസിന് വിവരം കൈമാറിയെന്നും റെയില്‍വെ അറിയിച്ചു. ഷൊര്‍ണൂരില്‍ പ്രാഥമിക പരിശോധന നടത്തി. ഗ്ലാസില്‍ ചെറിയ പാടുണ്ട് എന്നല്ലാതെ ഒന്നും പറ്റിയിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു. വന്ദേഭാരതിന് സുരക്ഷ കൂട്ടുമെന്നും അറിയിപ്പുണ്ട്. ഏപ്രില്‍ 25 നായിരുന്നു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തത്.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ ഒന്നാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് വന്ദേഭാരത് ആദ്യ യാത്ര തുടങ്ങിയത്. എക്കോണമി കോച്ചില്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഭക്ഷണം സഹിതം നിരക്ക് 1400. എക്‌സിക്യൂട്ടീവ് കോച്ചില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം നിരക്ക് 2400 രൂപയാണ്. ട്രെയിനില്‍ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതുള്ള രണ്ടു കോച്ചുകള്‍ വേറെയുമുണ്ടാകും.