കർണാടക; കുതിച്ച് കോൺ​ഗ്രസ്, 120 ഓളം സീറ്റുകളിൽ മുന്നേറ്റം, ബിജെപി 72 ഇടത്ത് മുന്നിൽ

 

കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തീർത്ത് ഇവിഎം വോട്ടുകൾ കൗണ്ട് ചെയ്ത് തുടങ്ങിയതോട കോൺ​ഗ്രസിന് വ്യക്തമായ മുന്നേറ്റം. ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺ​ഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോൺ​ഗ്രസിന് ഇപ്പോൾ നല്ല മുൻതൂക്കമുണ്ട്. ഇതോടെ ഡെൽഹിയിലെ പാർട്ടി ഓഫീസിന് മുന്നിൽ കോൺ​ഗ്രസ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. കോൺ​ഗ്രസ് -132, ബിജെപി -78, ജെഡിഎസ് -15, മറ്റുള്ളവർ-0 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറുന്നത്. വരുണയിൽ സിദ്ധരാമയ്യ തന്നെയാണ് ലീഡ് ചെയ്യുന്നത്. കനക് പുരയിൽ ഡി.കെ ശിവകുമാറും ഹുബ്ബള്ളി ധാർവാർഡിൽ ജ​ഗദീഷ് ഷെട്ടാറും ഷി​ഗോണിൽ ബസവരാജ് ബൊമ്മയും മുന്നിലാണ്.

ജെഡിഎസ് ആർക്കൊപ്പമെന്ന ചോദ്യത്തിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിക്കുന്നു. സംസ്ഥാനത്ത് തൂക്ക് നിയമസഭ വരുമെന്നാണ് താൻ കരുതുന്നതെന്നും തെര‍ഞ്ഞെടുപ്പിൽ ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളിലൊന്നും ജെഡിഎസിന് ഇത്രയും സീറ്റ് പ്രവചിച്ചിട്ടില്ല. അഞ്ച് വികസന പദ്ധതികൾ നടപ്പാക്കാൻ തനിക്ക് കഴിയണമെന്നും തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്നുമാണ് കുമാരസ്വാമിയുടെ നിലപാട്.

 

ആരെ പിന്തുണക്കണം എന്ന കാര്യത്തിൽ ജെഡിഎസ് തീരുമാനമെടുത്തതായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ സി എം ഇബ്രാഹിം ഇന്നലെ വ്യക്തമാക്കിയിരുന്നു. ജെഡിഎസ്സുമായി കോൺഗ്രസും ബിജെപിയും ചർച്ചകൾ ആരംഭിച്ചും എന്നും വാർത്തകളുണ്ടായിരുന്നു. പാർട്ടി വക്താവ് തൻവീർ അഹമ്മദാണ് ഇക്കാര്യം രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ തൻവീർ അഹമ്മദിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിഎം ഇബ്രാഹിം പറഞ്ഞു.

 

എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതായാണ് ജെഡിഎസിന്റെ ആരോപണം. സ്ഥാനാർത്ഥികളെ കോൺഗ്രസ് ഏജന്റുമാർ സമീപിക്കുന്നതായാണ് ആരോപണം. മുൻ മുഖ്യമന്ത്രി കൂടിയായ എച്ച് ഡി കുമാരസ്വാമി കിംഗ് മേക്കറാകുമെന്ന് കൂടി വിലയിരുത്തപ്പെടുന്നതിനിടെ അദ്ദേഹം ചികിത്സയ്ക്കായി സിംഗപ്പൂരിൽ പോയത് ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ജെഡിഎസുമായി ബിജെപി അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമിട്ടെന്ന് വാർത്തകൾ കൂടി വരുന്ന പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ സിംഗപ്പൂർ യാത്രയും ഏറെ ചർച്ചയായത്. ഇന്ന് രാവിലെ സിങ്കപ്പൂരിൽ നിന്ന് കുമാരസ്വാമി ബാംഗ്ലൂരിൽ തിരിച്ചെത്തിയിരുന്നു. ഇപ്പോൾ കുമാരസ്വാമി ജെപി നഗറിലെ വീട്ടിലാണുള്ളത്. ഉച്ചയോടെ പത്മനാഭ നഗറിൽ ദേവഗൗഡയുടെ വീട്ടിലെത്തും.

വീണ്ടും ബിജെപി സംസ്ഥാനത്തിൽ അധികാരത്തിൽ വരുമെന്ന് ബസവരാജ് ബൊമ്മ പ്രതികരിച്ചു. മതനിരപേക്ഷ സർക്കാർ വരുമെന്നും കോൺ​ഗ്രസ് വൻ മുന്നേറ്റമുണ്ടാക്കുമെന്നുമാണ് സിദ്ധരാമയ്യ പറയുന്നത്. 37 വർഷമായി ഒരു മുന്നണിയും തുടർച്ചയായി അധികാരത്തിലെത്താത്ത സംസ്ഥാനമാണ് കർണാടക എന്ന പ്രത്യേകതയുമുണ്ട്. നന്നായി ഹോം വർക്ക് ചെയ്തിട്ടുണ്ടെന്നും ബാക്കി കാത്തിരുന്ന് കാണാമെന്നും ഡികെ ശിവകുമാർ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

 

ജെഡിഎസ് 30 കടന്നാൽ കാര്യം തീരുമാനിക്കുക അവരാകുമെന്നാണ് വിലയിരുത്തൽ. ഫലസൂചനകൾ പുറത്തു വരുമ്പോൾ ജെഡിഎസ് പിളർപ്പിലേക്ക് നീങ്ങുമോയെന്ന കാര്യത്തിലും ആശങ്ക തുടരുകയാണ്. ഇതിനിടെ ബിജെപിയുടെ യെദ്യൂരപ്പ, ബസവരാജ് ബൊമ്മെ അടക്കമുള്ള നേതാക്കൾ ബംഗളൂരുവിൽ യോഗം ചേരുകയാണ്. യെദ്യൂരപ്പയുടെ വസതിയിലാണ് യോഗം. ബംഗളൂരുവിലെ നഗരമേഖല, മൈസൂർ, മംഗളൂരു, ഹുബ്ബള്ളി തുടങ്ങിയ നഗരമേഖലകളിലെ ഫലമാകും ആദ്യം അറിയാനാവുക. ഗ്രാമീണ മേഖലകൾ ധാരാളമുള്ള ജില്ലകളിലെ ഫലം വരാൻ വൈകും.

പ്രാഥമിക ഫലസൂചനകൾ വ്യക്തമായിക്കഴിഞ്ഞു. എക്സിറ്റ് പോളുകൾ കോൺഗ്രസിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും ജെഡിഎസിന്റെ നിലപാട് നിർണായകമാകും.