ബാലരാമപുരത്തെ മതപഠനസ്ഥാപനത്തിലെ പെൺകുട്ടിയുടെ ആത്മഹത്യ; ഹോസ്റ്റൽ പ്രവർത്തിച്ചത് അനുമതിയില്ലാതെ

ബാലരാമപുരത്തെ മതപഠനസ്ഥാപനത്തിൽ ദുരൂഹ സാഹചര്യത്തിൽ വിദ്യാർത്ഥി മരണപ്പെട്ട ഹോസ്റ്റൽ പ്രവർത്തിച്ചത് അനുമതിയില്ലാതെ. സ്ഥാപന മേധാവികൾ നൽകിയ അപേക്ഷ ഇപ്പോഴും പഞ്ചായത്തിന്റെ പരിഗണനയിലാണ്. അതേസമയം പെൺകുട്ടിയെ ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചിട്ടില്ലെന്ന് പ്രിൻസിപ്പൽ മുഹമ്മദ് ജഫാർ പറഞ്ഞു.

അസ്മിയയ്ക്ക് സ്ഥാപനത്തിൽ തുടരാൻ താത്പര്യമില്ലായിരുന്നു എന്നാൽ രക്ഷിതാക്കൾ കൂട്ടികൊണ്ടുപോകാൻ എത്തിയില്ല. ഇത് കുട്ടിയെ വിഷമിപ്പിച്ചിരുന്നുവെന്നും മുഹമ്മദ് ജഫാർ പറഞ്ഞു. പെൺകുട്ടിക്ക് ശാരീരികമായോ മാനസികമായോ യാത്രയൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അസ്മിയയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫലം ഇന്നലെ ലഭിച്ചിരുന്നു.

പതിനേഴുകാരി അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ.

ശനിയാഴ്ചയാണ് ബാലരാമപുരത്തെ മതപഠന സ്ഥാപനത്തിലെ ലൈബ്രറി മുറിയിൽ അസ്മീയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം ഫലത്തിലെ ആത്മഹത്യയെന്ന റിപ്പോർട്ട് അടക്കം തള്ളികളയുകയാണ് ബന്ധുക്കൾ. അസ്മീയ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്ന് ബന്ധുവായ ഫിറോസ് പറഞ്ഞു. ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ.