എല്ലാവരും റിയൽ കേരള സ്റ്റോറിയുടെ ഭാഗമാവും, കെ ഫോൺ ടെലികോം മേഖലയിലെ കോർപ്പറേറ്റ് ശക്തികൾക്ക് ബദൽ; മുഖ്യമന്ത്രി

 

ടെലികോം മേഖലയിലെ കോർപ്പറേറ്റ് ശക്തികൾക്ക് ബദലാണ് കെ ഫോണെന്നും ഇതോടെ എല്ലാവരും റിയൽ കേരള സ്റ്റോറിയുടെ ഭാഗമാവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്റർനെറ്റ് ചൂഷണങ്ങളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മറ്റ് സേവനദാതാക്കൾ നൽകുന്നതിലും കുറഞ്ഞ നിരക്കിൽ ഇൻ്റർനെറ്റ് ലഭ്യമാക്കും.

എല്ലാവർക്കും ഇൻ്റർനെറ്റ് എന്ന പദ്ധതി പഖ്യാപിച്ചപ്പോൾ സ്വപ്നം എന്ന് മാത്രമേ കരുതിയുള്ളൂ. എന്നാലിപ്പോൾ അത് നമ്മൾ യാഥാർത്യമാക്കി മാറ്റി. ഇൻ്റർനെറ്റ് ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ച ഒരേയൊരു സംസ്ഥാനം കേരളമാണ്. നാടിനോട് പറയുന്നത് നടപ്പിലാക്കുക ഉത്തരവാദിത്വമുള്ള സർക്കാരിൻ്റെ ചുമതലയാണ്. അതാണ് നിർവഹിക്കുന്നത്.

 

17,412 സർക്കാർ സ്ഥാപനങ്ങളിൽ കണക്ഷൻ ലഭ്യമാക്കി കഴിഞ്ഞു. 2105 വീടുകളിലും കണക്ഷൻ നൽകിയിട്ടുണ്ട്. ഇവിടെയൊക്കെ ഇൻറർനെറ്റ് സേവനം ലഭ്യമാണ്. കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും ഇൻ്റർനെറ്റ് കണക്ഷൻ ഉറപ്പ് നൽകുകയാണ് ലക്ഷ്യം. ഇൻ്റർനെറ്റ് ഷട്ട് ഡൗൺ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. അവിടെയാണ് സംസ്ഥാന സർക്കാരിൻ്റെ സവിശേഷ ഇടപെടൽ.

കൊവിഡാനാന്തരം പുതിയ തൊഴിൽ സംസ്കാരം ഉടലെടുത്തിട്ടുണ്ട്. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം ഇതൊക്കെ ലഭ്യമാക്കാൻ കെ ഫോൺ സഹായിക്കും. കേരളത്തിൻ്റെ സാമ്പത്തിക മേഖലയിൽ വലിയ ചലനമുണ്ടാക്കാൻ ഇതിന് കഴിയും. മലയോര മേഖലയിലും കണക്ടിവിടി ഉറപ്പാക്കും. ഇക്കാര്യത്തിൽ ആരും പിന്തള്ളപ്പെട്ടു പോകില്ല.

 

പല സേവനദാതാക്കൾ ഉണ്ട് എന്നതായിരുന്നു ഉയർന്നു വന്ന പ്രധാന ചോദ്യം. പൊതുമേഖലയിൽ ഒന്നും വേണ്ട, എല്ലാം സ്വകാര്യ മേഖലയിൽ മതി എന്നാണ് ഇത്തരക്കാരുടെ ആഗ്രഹം. കുത്തകവാദം കൈമുതലാക്കിയവരാണ് ഇവർ.

അവർ ഇത്തരം ചോദ്യം ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. മലർപ്പൊടിക്കാരൻ്റെ സ്വപ്നം ദിവാസ്വപ്നം എന്നൊക്കെ കിഫ് ബിയെ ആക്ഷേപിച്ചവരാണിവർ. അവരെ എങ്ങനെ കാണണമെന്ന് ജനങ്ങൾ തന്നെ ചിന്തിക്കട്ടെ. ഇന്റർനെറ്റാണോ ആവശ്യം എന്നൊക്കെ ചോദിച്ച നിരവധി പേരുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.