പുനസംഘടനാ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടുകള്‍ക്കെതിരെ തുറന്ന പോരിന് കോണ്‍ഗ്രസിലെ എ ഐ ഗ്രൂപ്പുകള്‍. തിരുവനന്തപുരത്ത് എ ഐ ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തിലാണ് സമവായമുണ്ടാക്കാന്‍ കഴിയാതിരുന്നത്. അനുനയനീക്കത്തിന്റെ ഭാഗമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ഇരുപക്ഷവും ചര്‍ച്ച നടത്തി. ഗ്രൂപ്പുകളെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തലയും എംഎം ഹസനും കെ സുധാകരനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
കെ സുധാകരന്റെ അനുനയത്തിന് വഴങ്ങാനാകില്ലെന്നും കെപിസിസി നടപടികളില്‍ തൃപ്തിയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കള്‍ യോഗം ചേര്‍ന്നത് മഴ വൈകുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്നായിരുന്നു എം എം ഹസന്റ പരിഹാസം. ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്ന് തന്നെയാണ് എം എം ഹസന്റെ നിലപാട്.
പുനസംഘടനയിലെ പ്രശ്‌നങ്ങളിലടക്കം ഗ്രൂപ്പുകള്‍ ഉന്നംവയ്ക്കുന്നതും കുറ്റപ്പെടുത്തുന്നതും വി ഡി സതീശനെയാണ്. ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയിലും പുനസംഘടനകളിലും ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രതിപക്ഷനേതാവാണെന്ന കുറ്റപ്പെടുത്തലാണ് ഗ്രൂപ്പുകള്‍ക്കുള്ളതെന്നാണ് വിവരം. കോണ്‍ഗ്രസ് പുനഃസംഘടനയില്‍ കെപിസിസി നടപടികളില്‍ തൃപ്തിയില്ലെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചു. അതുകൊണ്ടാണ് ഹൈക്കമാന്‍ഡിനെ സമീപിച്ചത്. ഇനി തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. കെപിസിസി പ്രസിഡന്റ് വിളിച്ചത് കൊണ്ടാണ് ചര്‍ച്ചയ്ക്ക് വന്നത് എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
വിഡി സതീശനാണോ പ്രശ്‌നത്തിന് കാരണമെന്ന ചോദ്യത്തിന് നിങ്ങള്‍ വിലയിരുത്തൂ എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. എന്നാല്‍ പ്രതിപക്ഷനേതാവ് പാതകമൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.