വ്യാജരേഖ കേസിലെ പ്രതി വിദ്യ കാലടി സർവകലാശാലയിൽ ചട്ടം മറികടന്ന് പ്രവേശനം നേടിയതിൽ അന്വേഷണം പ്രഖ്യാപിച്ച് സർവകലാശാല. അന്വേഷണത്തിനായി സിൻഡിക്കേറ്റ് ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി യൂണിവേഴ്സിറ്റി വിസി ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് 24ന്. വിദ്യയുടെ പിഎച്ച്ഡി ഗൈഡ് ഡോ. ബിച്ചു എക്സ് മലയിലിന്റെ പരാതി കൂടി പരിഗണിച്ചാണ് നടപടി. വിദ്യക്ക് പിഎച്ച്ഡി പ്രവേശനം നൽകിയത് എല്ലാ ചട്ടങ്ങളും പാലിച്ചെന്ന് കാലടി സർവകലാശാല മലയാള വിഭാഗം മുൻ മേധാവി ഡോ. വി.എ വത്സലൻ പറഞ്ഞിരുന്നു.
വ്യാജ രേഖ വിവാദവുമായി ബന്ധപ്പെട്ട കെ വിദ്യയുടെ ഗൈഡ് ആയി തുടരാൻ കഴിയില്ലെന്നും ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് ഡോ. ബിച്ചു എക്സ് മലയിൽ കാലടി വിസിക്ക് കത്ത് നൽകിയിരുന്നു. വിവാദങ്ങളിൽ അന്വേഷണം നടത്തണമെന്നും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കണമെന്നും കത്തിൽ ആവിശ്യപ്പെട്ടിട്ടുണ്ട്. ഈ കത്തിന്റെയും പി എച്ച് ഡി പ്രവേശനത്തിൽ ക്രമക്കേടുണ്ടെന്ന് പരാതികളുടെയും കൂടി അടിസ്ഥാനത്തിലാണ് സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടത്.
പരാതികൾ സമഗ്രമായി പരിശോധിച്ച് നടപടി ശുപാർശ ചെയ്യുന്നതിനായി സിൻഡിക്കേറ്റിന്റെ ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. വിദ്യയുടെ പിഎച്ച്ഡി പ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും. രാഷ്ട്രീയ താൽപര്യത്തിന്റെയോ സമ്മർദ്ദത്തിന്റെയോ പേരിലല്ല വിദ്യയ്ക്ക് പ്രവേശനം നൽകിയതെന്നും കാലടി സർവകലാശാല മലയാള വിഭാഗം മുൻ മേധാവിയും റിസർച്ച് കമ്മിറ്റി അംഗവുമായിരുന്നു ഡോ. വി.എ വത്സലൻ വ്യക്തമാക്കി.
അതേസമയം പിഎച്ച്ഡി പ്രവേശന സമയത്ത് സംവരണ വിഭാഗത്തിൽനിന്ന് ആരും ഉണ്ടായിരുന്നില്ലെന്ന മുൻ വി സി ഡോക്ടർ ധർമ്മരാജൻ അഡാട്ടിന്റെ വാദവും പൊളിയുന്നു. അഹർത ഉണ്ടായിട്ടും സംവരണം പ്രകാരം സീറ്റ് ലഭിച്ചില്ലെന്ന് അഭിമുഖത്തിൽ പങ്കെടുത്ത വിദ്യാർത്ഥി പറഞ്ഞു. വിദ്യക്ക് പി എച്ച് ഡി പ്രവേശനം നൽകാനായി കാലടി സർവകലാശാലയിൽ അഞ്ചു വിദ്യാർത്ഥികളെ അധികം ഉൾപ്പെടുത്തി. സംഭരണ അട്ടിമറി നടത്തി. സർവകലാശാല ചട്ടങ്ങൾ പാലിക്കാതെയായിരുന്നു ഈ നടപടികൾ എന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു.