9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 73 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി

9 വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 73 വർഷം തടവും 185000/രൂപ പിഴയും ശിക്ഷ വിധിച്ചു. വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടിൽ 49 വയസ്സുള്ള വിനോദ് എന്ന ഉണ്ണിമോനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരൻ എന്ന കണ്ടെത്തി ശിക്ഷ വിധിച്ചത്.

2018- ലാണ് കേസിനസ്പദമായ സംഭവം. പ്രതിയുടെ വീടിന്റെ ടെറസ്സിലും, കഞ്ഞിപ്പുരയിലും വച്ച് 9 വയസുകാരിയെ ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് പ്രതിയെ കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. വാടാനപ്പള്ളി ഇൻസ്‌പെക്ടർ കെ ആർ ബിജുവാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും തൊണ്ടിമുതലകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. വാടാനപ്പള്ളി സ്റ്റേഷൻ ഇൻസ്‌പെക്ടറായ പിആർ ബിജോയാണ് പ്രതിക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.