ശിഹാബ് തങ്ങൾ ആശുപത്രിയില്‍ അത്യാധുനിക രീതിയിലുള്ള ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം ഉദ്ഘാടനം 22 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിക്കും

തിരൂർ: ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ഈ വരുന്ന 22-06-2023 നു വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് ആശുപത്രിയില്‍ അത്യാധുനിക രീതിയിലുള്ള ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ അബ്ദുറഹ്മാൻ രണ്ടത്താണി, വൈസ് ചെയർമാൻ കീഴേടത്തിൽ ഇബ്രാഹീം ഹാജി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡയാലിസിസ് സംവിധാനം ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനം ഇ. ടി മുഹമ്മദ് ബഷീര്‍ എം. പി യും, ഇ. എന്‍. ടി എന്‍ഡോസ്കോപ്പി സംവിധാനത്തിന്‍റെ ഉദ്ഘാടനം അബ്ദുല്‍ ഹമീദ് എം. എല്‍.എ യും , സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമുള്ള സോഷ്യല്‍ സെക്യൂരിറ്റി സ്കീം എന്ന പേരില്‍ ആവിഷ്ക്കരിച്ച (ടടട) കാര്‍ഡ് വിതരണം മലപ്പുറം ജില്ല സഹകരണ ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍) പി. ബഷീര്‍ ഉദ്ഘാടനവും നിര്‍വ്വഹിക്കും.
കൂടാതെ, അംഗങ്ങള്‍ക്കും മറ്റും ചികിത്സ ഇളവുകളും ഫാര്‍മസി, റേഡിയോളജി, ലാബ്, എന്നിവയില്‍ പ്രത്യേകം ഡിസ്കൗണ്ടുകള്‍ അനുവദിക്കുന്ന കാര്യവും തദവസരത്തില്‍ ഭരണ സമിതിക്കു വേണ്ടി പ്രഖ്യാപിക്കും. അതോടൊപ്പം ചികിത്സാ രംഗത്ത് ഏറ്റവും നൂതനമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തുവാന്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താനും ശിഹാബ് തങ്ങള്‍ ആശുപത്രി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണ്.
തിരൂര്‍ ശിഹാബ് തങ്ങള്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ച് 15 മാസം പിന്നിട്ടു കഴിഞ്ഞു. ഈ കാലയളവിനകം ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട് ഒന്നര ലക്ഷത്തോളം പേര്‍ ആശുപത്രിയെ ആശ്രയിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം നവജാത ശിശുക്കള്‍ ഈ ആശുപത്രിയില്‍ പിറന്നു എന്നത് അഭിമാനകരമാണ്. സങ്കീര്‍ണ്ണമായ ഒട്ടേറെ ശസ്ത്രക്രിയകളും ഈ കാലയളവില്‍ നടന്നിട്ടുണ്ട്. മുട്ടു മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശ്രദ്ധേയമായ സ്ഥാനം ഈ കാലയളവ് കൊണ്ടു തന്നെ ഓര്‍ത്തോ ഡിപ്പാര്‍ട്ടുമെന്‍റ് നേടിയിട്ടുണ്ട്. ഗര്‍ഭ പാത്ര മുഴകള്‍ നീക്കം ചെയ്യുന്ന സര്‍ജ്ജറി, ഓങ്കോളജി സര്‍ജ്ജറി, എന്നിവയില്‍ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്പോര്‍ട്സ് ഇന്‍ജുറി ശസ്ത്രക്രിയകള്‍ നടത്തുന്ന സമീപ പ്രദേശത്തെ ഏറ്റവും മികച്ച ചികിത്സാ വിഭാഗം ആശുപത്രിയിലുണ്ട്. മുഖത്തുണ്ടാകുന്ന അസ്ഥി സംബന്ധമായ തകരാറുകള്‍ക്ക് അത്യന്താധുനിക സൗകര്യങ്ങളോടു കൂടെയുള്ള ശസ്ത്രക്രിയയും ഇവിടെ നടക്കുന്നുണ്ട്. ഇ. എന്‍. ടി യില്‍ ഏറ്റവും ആധുനികമായ എന്‍ഡോസ്കോപ്പിയടക്കമുള്ള സൗകര്യമാണ് ആശുപത്രിയിലുള്ളത്. വിവിധ വിഭാഗങ്ങളിലായി ഇരുപതോളം സ്പെഷ്യാലിറ്റി ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ 50 ലധികം വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. 22-06-2023 നു ഉദ്ഘാടനം ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള ഗ്യാസ്ട്രോ എന്‍ട്രോളജി ഡിപ്പാര്‍ട്ടുമെന്‍റിനു പുറമെ കാത്ത് ലാബ്, എന്‍. ഐ. സി. യു , ഡയാലിസിസ് സെന്‍റര്‍, തുടങ്ങിയവ ഒരുക്കുന്നതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും ഉടന്‍ ഈ ഡിപ്പാര്‍ട്ടുമെന്‍റുകള്‍ പ്രാവര്‍ത്തിക്കുമെന്നും മാനേജ്മെൻ്റ് പ്രതിനിധികൾ പറഞ്ഞു..

വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍, കെ. അബ്ദുല്‍ വാഹിദ്,സെക്രട്ടറി അഡ്വ. എ. കെ മുസമ്മില്‍, മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. അബ്ദുറഹിമാന്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അബ്ദുല്‍ റഷീദ് , ഡോ.സൈഫുദ്ദീന്‍,മാനേജർ കെ. പി ഫസലുദ്ദീൻ, ഫിനാന്‍സ് മാനേജര്‍ കാര്‍ത്തികേയന്‍ തുടങ്ങിയവരും പങ്കെടുത്തു.