വ്യാജ രേഖ ഉപയോഗിച്ച് എംകോം പ്രവേശനം; സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിൻ്റെ സഹായം ലഭിച്ചതായി കെഎസ്‌യു

ആലപ്പുഴയിലെ എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ഡിഗ്രി വിവാദത്തില്‍ സിപിഐഎം നേതൃത്വത്തിനെതിരെ ആരോപണവുമായി കെ എസ് യു. വ്യാജ രേഖ ഉപയോഗിച്ച് എംകോം പ്രവേശനത്തിന് നിഖില്‍ തോമസിനെ സഹായിച്ചത് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണെന്നാണ് കെ എസ് യുവിന്റെ ആരോപണം. എംഎസ്എം കോളജ് മാനേജ്‌മെന്റിനെതിരെയും എംഎസ്എഫും കെ എസ് യുവും രംഗത്തെത്തി. ആരോപണ വിധേയനായ നിഖിലിന്റെ ഡിഗ്രി വിവരങ്ങള്‍ കോളജ് മാനേജ്‌മെന്റ് മറച്ചുവച്ചുവെന്നാണ് ആരോപണം. വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവിക്കും വൈസ് ചാന്‍സലര്‍ക്കും കെഎസ്‌യു പരാതി നല്‍കി.

മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിനു പിന്നാലയൊണ് ആലപ്പുഴ എസ്എഫ്‌ഐയിലും വ്യാജഡിഗ്രി വിവാദം ഉയരുന്നത്. കായംകുളം എംഎസ്എം കോളജിലെ രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ഥിയാണ് ആരോപണവിധേയനായ നിഖില്‍ തോമസ്. വിവാദത്തിന് പിന്നാലെ എസ്എഫ്‌ഐ ജില്ലാ കമ്മറ്റി, കായംകുളം ഏരിയാ സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് നിഖിലിനെ നീക്കി.

എം എസ്എം കോളജില്‍ തന്നെ 2017-2020 കാലഘട്ടത്തില്‍ പഠിച്ച നിഖില്‍ തോമസ് ബികോം പാസായിരുന്നില്ല. പിന്നീട് 2021 ല്‍ ഇതേ കോളജില്‍ എം കോമിന് ചേര്‍ന്ന നിഖില്‍ ഹാജരാക്കിയത് 2019 -2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ്. ഇത് വ്യാജമെന്ന് സംഘടനയില്‍നിന്ന് തന്നെ പരാതി ഉയര്‍ന്നു. ഒരേ കാലത്ത് എങ്ങിനെ കായംകുളത്തും കലിംഗയിലും പഠിക്കാനാകുമെന്നാണ് ചോദ്യം. 2019 ല്‍ കായംകുളത്ത് യുയുസിയും 2020 ല്‍ സര്‍വകലാശാല യൂണിയന്‍

ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖില്‍. തുടര്‍ന്ന് സിപിഐഎം ജില്ലാ ഫ്രാക്ഷനില്‍ ഡിഗ്രി സര്ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡിഗ്രി സര്‍ഫിക്കറ്റ് സര്‍വകലാശാലയില്‍ ആണെന്ന് പറഞ്ഞ് ഹാജരാക്കിയില്ല. തുടര്‍ന്നാണ് പാര്‍ട്ടി ഇയാളെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയത്. സിപിഐഎം ജില്ലാ സെക്രട്ടറിയും ഇത് സ്ഥിരീകരിച്ചു.

കായംകുളം കഎംഎസ്എംകോളേജിലെ കോഴ്‌സ് റദ്ദാക്കിയാണ് കലിംഗ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നതെന്നാണ് നിഖിലിന്റെ വിശദീകരണം. തെറ്റായി പ്രവേശനം നേടിയിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കി.