മലപ്പുറം നിയോജക മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കും

മലപ്പുറം : നിയോജക മണ്ഡലത്തില്‍ വൈദ്യുതി ബോര്‍ഡിനു കീഴില്‍ നടപ്പിലാക്കി വരുന്ന വിവിധ വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനും ആവശ്യമായ സ്ഥലങ്ങളില്‍ ട്രാൻസ്ഫോര്‍മര്‍ , ത്രീ ഫേസ് ലൈനുകള്‍ എന്നിവ സ്ഥാപിക്കുവാനും തീരുമാനം.

നിയോജക മണ്ഡലത്തിലെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാൻ വിളിച്ചു ചേര്‍ത്ത യോഗം മലപ്പുറം നഗരസഭാ കൗണ്‍സില്‍ ഹാളില്‍ പി. ഉബൈദുള്ള എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.

സമ്ബൂര്‍ണ്ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക, ബി.പി.എല്‍ കണക്ഷനുകള്‍ വേഗത്തിലാക്കുക, മെറ്റീരിയല്‍സ് ക്ഷാമം പരിഹരിക്കുക, RDSS പദ്ധതി പ്രകാരമുള്ള 21-22 വര്‍ഷത്തെ പ്രവൃത്തികളുടെ ടെണ്ടര്‍ ജോലികള്‍ പൂര്‍ത്തീകരിക്കുക,മൂന്നു സെക്ഷനുകളിലായി പ്രവര്‍ത്തിക്കുന്ന പുല്‍പറ്റ പഞ്ചായത്തില്‍ പൂക്കൊളത്തൂര്‍ ആസ്ഥാനമായി പുതിയ സെക്ഷൻ ഓഫീസ് സ്ഥാപിച്ച്‌ ഒറ്റ സെക്ഷൻ ഓഫീസിനു കീഴിലാക്കുക,നാലു സെക്ഷൻ പരിധിയിലുള്ള ആനക്കയം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും ഒരു സെക്ഷൻ പരിധിയിലാക്കുക എന്നീ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇലക്‌ട്രിക് വാഹനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

മുണ്ടുപറമ്ബ് , മലപ്പുറം സിവില്‍ സ്റ്റേഷൻ, ഇൻകെല്‍ എജ്യുസിറ്റി എന്നിവിടങ്ങളില്‍ പുരോഗമിക്കുന്ന പുതിയ സബ്‌സ്റ്റേഷൻ ജോലികള്‍ എത്രയും വേഗംപൂര്‍ത്തീകരിക്കും. ആരക്കോട് പട്ടിലകത്തു കുണ്ട് ട്രാൻസ്ഫോര്‍മര്‍ ഉടൻ കമ്മീഷൻ ചെയ്യും.

എപ്പാറ, പൈത്തിനിപ്പറമ്ബ്, ഹാജിയാര്‍ പള്ളി, കോല്‍ മണ്ണ , മേല്‍മുറി വില്ലേജ് ഓഫീസ് പരിസരം, വലിയാട്ടപ്പടി , പന്തല്ലൂര്‍, ഒഴുകൂര്‍ കളത്തിപറമ്ബ് , പൂക്കൊളത്തൂര്‍, ചെരിച്ചിയില്‍ എന്നിവിടങ്ങളിലെ വോള്‍ട്ടേജ് പ്രശ്നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി പരിഹരിക്കും. മലപ്പുറം, ആനക്കയം , പൂക്കോട്ടൂര്‍ , മൊറയൂര്‍ , പുല്‍പ്പറ്റ, കോഡൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുവാനും യോഗം തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന ഫണ്ടുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഡെപ്പോസിറ്റുകളും എം.പി., എം.എല്‍.എ ഫണ്ടുകളും ഇതിനായി ഉപയോഗിക്കും.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. സി. അബ്ദുറഹ്മാൻ, അടോട്ട് ചന്ദ്രൻ, റാബിയ ചോലക്കല്‍, സുനീറ പൊറ്റമ്മല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കല്ലേങ്ങല്‍ നുസ്രീന മോള്‍ , സാദിഖ്പൂക്കാടൻ,മലപ്പുറം നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ. കെ. അബ്ദുല്‍ ഹക്കീം, സി.പി. അയിഷാബി,പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ എം.ടി. അലി, അക്ബര്‍ തങ്ങള്‍, നഗരസഭ കൗണ്‍സിലര്‍മാരായ പരി ഹമീദ്,മഹ്മൂദ് കോതേങ്ങല്‍, സജീര്‍ കളപ്പാടൻ, ഷാഫി മൂഴിക്കല്‍ , ഇ.പി. സല്‍മ ടീച്ചര്‍, കെ.എസ്.ഇ.ബി. മഞ്ചേരി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.പി. ഹാജിറ , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ഖലീല്‍ റഹ്മാൻ സി.ബൈജു എന്നിവരും വിവിധ സെക്ഷനുകളിലെ അസി.എഞ്ചിനീയര്‍മാരും മറ്റു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പങ്കെടുത്തു.