പൃഥ്വിരാജിന്റെ സര്‍ജറി കഴിഞ്ഞു. ഒരു മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ച്‌ ഡോക്ടര്‍മാര്‍

കഴിഞ്ഞ ദിവസം ഷൂട്ടിംഗിനിടെ കാല്‍മുട്ട് ഇടിച്ചുവീണ് പരിക്ക് പറ്റിയ നടന്‍ പൃഥ്വിരാജിനെ ഇന്ന് കീഹോള്‍ സര്‍ജറിക്ക് വിധേയനാക്കി.

സര്‍ജറി പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു മാസത്തെ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒപ്പം ഫിസിയോതെറാപ്പിക്കും വിധേയനാകണം.

വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗിനിടെ അപകടം പറ്റിയാണ് പൃഥ്വിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും എം.ആര്‍.ഐ സ്‌കാനിംഗില്‍ മുമ്ബ് എപ്പോഴോ പറ്റിയ അപകടവും കാല്‍മുട്ടിന്റെ ക്ഷതത്തിന് കാരണമായതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അതുകൂടി പരിഗണിച്ചാണ് സര്‍ജറിക്ക് വിധേയനാക്കിയത്. ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകും. പക്ഷേ വിശ്രമം നിര്‍ബ്ബന്ധമാണ്.പൃഥ്വി ഒരു മാസത്തെ വിശ്രമത്തിലേയ്ക്ക് പോകുന്നതോടെ അദ്ദേഹത്തിന്റെ സിനിമാ ഷെഡ്യൂളുകളെല്ലാം കീഴ്‌മേല്‍ മറിയും. നിലവില്‍ വിലായത്ത് ബുദ്ധയിലാണ് പൃഥ്വരാജ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഷെഡ്യൂള്‍ നീളും. ഒപ്പം പൃഥ്വി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഹിന്ദി സിനിമകളുടെ ഷെഡ്യൂളിനെയും അത് നേരിട്ട് ബാധിക്കും. ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്ബുരാന്‍ ആഗസ്റ്റില്‍ തുടങ്ങാനിരിക്കുകയാണ്. ഷെഡ്യൂളില്‍ വന്ന മാറ്റങ്ങള്‍ എമ്ബുരാനെ എങ്ങനെ ബാധിക്കുമെന്ന് മാത്രമേ കണ്ടറിയേണ്ടതുള്ളൂ.