കുഞ്ഞൂഞ്ഞിന് വിട നല്‍കാന്‍ ജന്മനാട്; കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഉച്ചകഴിഞ്ഞ് അവധി; ഗതാഗത നിയന്ത്രണം

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കാനൊരുങ്ങി ജന്മനാടായ കോട്ടയം. ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. നഗരത്തില്‍ ഗതാഗതം നിയന്ത്രിക്കും. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം നാളെ വൈകിട്ട് പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കും.

 

തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി കൊണ്ടുപോകുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വൈകിട്ട് അഞ്ച് മുതല്‍ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഉമ്മന്‍ ചാണ്ടിയോടുള്ള ആദര സൂചകമായി കോട്ടയം ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ അടച്ചിടും. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാവ്യാപാര സ്ഥാപനങ്ങള്‍ക്കും നാളെ രാവിലെ മുതല്‍ അടച്ചിടും.

 

വിലാപയാത്ര കടന്നുപോകുന്നതിന്റെ ഭാഗമായാണ് തിരുവല്ല നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മാവേലിക്കര റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കാവുംഭാഗം -ഇടിഞ്ഞില്ലം റോഡ് വഴിയും, എം സി റോഡിലൂടെ എത്തുന്ന വാഹനങ്ങള്‍ ബൈപാസിലൂടെയുമാകും കടത്തിവിടുക. വിലാപയാത്ര ഏനാത്ത് എത്തുമ്പോള്‍ ഗതാഗത നിയന്ത്രണം പൂര്‍ണമായും ഏര്‍പ്പെടുത്തും. കെഎസ്ആര്‍ടിസി ജംഗ്ഷനിലും ഭൗതിക ശരീരം അല്‍പസമയം പൊതുദര്‍ശനത്തിന് വെക്കുന്നുണ്ട്. വിലാപയാത്ര കടന്നുപോകും വരെ നിയന്ത്രണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

 

ഇന്നലെ പുലര്‍ച്ച നാലരയോടെയായിരുന്നു ബംഗളൂരുവിലെ ചിന്മയ മിഷന്‍ ആശുപത്രിയില്‍ വച്ച് ഉമ്മന്‍ചാണ്ടിയുടെ വിയോഗം. മകന്‍ ചാണ്ടി ഉമ്മനാണ് മരണവിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ബംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഭൗതികശരീരം ഇന്നലെ ഉച്ചതിരിഞ്ഞ് തിരുവനന്തപുരത്തെത്തിച്ചത്.