അവസാനമായി ഒരിക്കൽ കൂടി; ഉമ്മൻ ചാണ്ടി തിരുനക്കരയിൽ, ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങൾ

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം തിരുനക്കരയിലെത്തി. തലസ്ഥാനത്ത് നിന്നും പുറപ്പെട്ട് 27 മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്വന്തം തട്ടകത്തിലേക്ക് ഉമ്മന്‍ചാണ്ടി അവസാനമായി എത്തുന്നത്. സമയക്രമം തെറ്റിയതിനെ തുടര്‍ന്ന് കോട്ടയം ഡി.സി.സിയിലെ പൊതുദര്‍ശനം പത്തുമിനിറ്റായി ചുരുക്കിയിരുന്നു.

 

എന്നും ഉമ്മൻചാണ്ടിയുടെ തട്ടകമായിരുന്ന കോട്ടയം ഡി.സി.സിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സമയക്കുറവ് കാരണം ചുരുക്കുകയായിരുന്നു.തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്.

 

ഇതിനിടെ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പുതുപ്പള്ളി പള്ളിയില്‍ എത്തുന്ന ഏതൊരാള്‍ക്കും അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് വികാരി ഫാ. വര്‍ഗീസ് വര്‍ഗീസ്. രണ്ട് മണിക്ക് പള്ളി ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിനായി എത്തിക്കാനും അഞ്ചു മണിക്ക് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കാനുമാണ് നിലവിലെ തീരുമാനം. സംസ്‌കാര ശുശ്രൂഷയ്ക്ക് ഓര്‍ത്തഡോക്‌സ് അധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമ മാത്യൂസ് തൃതീയന്‍ കതോലിക്ക നേതൃത്വം നല്‍കും. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.

 

രാത്രി വൈകിയാലും സംസ്‌കാരം ഇന്ന് തന്നെ നടത്തുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി. മൃതദേഹവുമായുള്ള വിലാപ യാത്ര തിരുനക്കര മൈതാനിയിലേക്ക് എത്തി. മൂന്നോ നാലോ മണിക്കൂറാണ് തിരുനക്കരയിൽ പൊതുദർശനം തീരുമാനിച്ചിരിക്കുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ളവർ കോട്ടയത്ത് എത്തിച്ചേർന്നിരിക്കുകയാണ്.

 

ഇതോടെ വൈകീട്ട് മൂന്നു മണിക്ക് തീരുമാനിച്ച സംസ്‌കാര ചടങ്ങുകൾ വൈകാനാണ് സാധ്യത. തിരുനക്കരയിലെ പൊതു ദർശനത്തിന് ശേഷം പുതുപ്പള്ളിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. അതിന് ശേഷമാണ് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലേക്ക് കൊണ്ടുപോകുക.