ഫുട്ബോൾ ലോകകപ്പിൽ ചരിത്രമെഴുതി അമേരിക്കൻ വംശജയായ ദക്ഷിണ കൊറിയൻ താരം കേസി ഫെയർ. വനിതാ ലോകകപ്പിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കേസി ഫെയർ മാറി. 16 വയസ്സും 26 ദിവസവുമാണ് കേസിയുടെ പ്രായം. ചൊവ്വാഴ്ച കൊളംബിയയ്‌ക്കെതിരെ നടന്ന മത്സരത്തിൽ പകരക്കാരിയായാണ് കേസി ഫെയർ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്.
നൈജീരിയൻ താരം ഇഫിയാനി ചിജിയെ മറികടന്നാണ് കേസി ഫെയർ ഈ നേട്ടം സ്വന്തമാക്കിയത്. 1999 ലോകകപ്പിൽ കളിക്കുമ്പോൾ 16 വയസ്സും 34 ദിവസവുമായിരുന്നു ഇഫിയാനിയുടെ പ്രായം. ഈ റെക്കോർഡാണ് കേസി തിരുത്തിക്കുറിച്ചത്. സിഡ്‌നിയിൽ നടന്ന മത്സരത്തിന്റെ 78-ാം മിനിറ്റിലാണ് കേസി ഫെയർ തന്റെ അരങ്ങേറ്റം കുറിച്ചത്.
അമേരിക്കൻ പിതാവിനും കൊറിയൻ അമ്മയ്ക്കും ജനിച്ച ഫെയർ, സീനിയർ ദക്ഷിണ കൊറിയൻ വനിതാ ഫുട്ബോൾ ടീമിൽ ഇടം നേടുന്ന ആദ്യ മിക്സഡ് വംശജയാണ്. 2023 ഫിഫ വനിതാ ലോകകപ്പിനുള്ള വനിതാ ടീമിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഫെയർ ദക്ഷിണ കൊറിയയുടെ അണ്ടർ 17 ടീമിനായി കളിച്ചിട്ടുണ്ട്. താജിക്കിസ്ഥാനെതിരെ രണ്ട് ഗോളുകളും ഹോങ്കോങ്ങിനെതിരെ മൂന്ന് ഗോളുകളും നേടി, അണ്ടർ 17 ടീമിനെ 2024 AFC U-17 വനിതാ ഏഷ്യൻ കപ്പിന് യോഗ്യത നേടിക്കൊടുത്തതിൽ പ്രധാന പങ്ക് വഹിച്ചു.
“അവസരം ലഭിക്കാൻ താരം അർഹയായിരുന്നു, ഫെയർ നന്നായി പരിശീലിച്ചു, സീനിയർ താരങ്ങളെ പോലെ തന്നെ മികച്ചതാണ്, ഫെയർ ടീമിൻ്റെ ഭാവിയാണ് എന്നതിന്റെ സൂചന കൂടിയാണിത്” ദക്ഷിണ കൊറിയയുടെ ഇംഗ്ലീഷ് കോച്ച് കോളിൻ ബെൽ പറഞ്ഞു. മുമ്പ് യുഎസ് ദേശീയ ടീമിന്റെ യൂത്ത് സ്ക്വാഡുകളിൽ കേസി ഫെയർ ഉൾപ്പെട്ടിരുന്നു. അതേസമയം, ഓസ്‌ട്രേലിയയിലെ സിഡ്‌നി ഫുട്‌ബോൾ സ്റ്റേഡിയത്തിൽ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ കൊളംബിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ദക്ഷിണ കൊറിയ പരാജയപ്പെട്ടു.
മത്സരത്തിൽ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും, കറ്റാലിന ഉസ്മെയുടെ പെനാൽറ്റി ഗോളിലൂടെ കൊളംബിയ ആദ്യ ലീഡ് നേടി. 33 കാരിയായ ഫോർവേഡ് കൊളംബിയയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ്. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ലിൻഡ കെയ്‌സെഡോയിലൂടെ കൊളംബിയ ലീഡ് രണ്ടായി ഉയർത്തി. ഫിഫ വനിതാ ലോകകപ്പിലെ ലിൻഡയുടെ ആദ്യ ഗോൾയിരുന്നു അത്.