രാഹുലിനെ അയോഗ്യനാക്കിയ കേസും അയോഗ്യത നീക്കിയ സുപ്രിംകോടതിയും

അപകീര്‍ത്തിക്കേസില്‍ അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് സുപ്രിംകോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായിരിക്കുകയാണ്. രാഷ്ട്രീയപരമായും നിയമപരമായും വിധിയെ നേരിട്ട രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കുന്ന ഈ വേളയില്‍ ആശ്വസിക്കാം.

സുപ്രിംകോടതിയില്‍ നിന്നും സ്റ്റേ ലഭിച്ചില്ല എങ്കില്‍ രാഹുലിന് കുറച്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആകില്ല എന്ന സങ്കീര്‍ണതയും വിഷയത്തിനുണ്ടായിരുന്നു. പിന്നാലെ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതായും വന്നേനെ. ഇതെല്ലാം മറികടന്നുള്ള വിജയത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തിക്കഴിഞ്ഞു.

കേസിന്റെ ആധാരം

 

2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയില്‍, ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?’ എന്ന് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ്. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഐപിസി സെക്ഷന്‍ 499, 500 പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയുമാണ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്.

രാഹുലിനെ അയോഗ്യനാക്കാനുള്ള തീരുമാനം വന്നതെങ്ങനെ?

 

മൂന്ന് സാഹചര്യത്തിലാണ് ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ സാധിക്കുന്നത്. ആര്‍ട്ടിക്കിള്‍ 102(1), 191(1) എന്നിവ പ്രകാരമാണ് ഒന്നാമത്തെ സാഹചര്യം നിര്‍വചിച്ചിരിക്കുന്നത്. രാജ്യത്തെ പൗരത്വം ഇല്ലാതിരിക്കല്‍, ലാഭത്തിനായി ഓഫിസ് പ്രവര്‍ത്തിപ്പിക്കല്‍, പാപ്പരാകല്‍ മുതലായ സാഹചര്യത്തിലാണ് ഒരു ജനപ്രതിനിധിയെ ഒന്നാമതായി അയോഗ്യനാക്കാന്‍ സാധിക്കുക.

 

കൂറുമാറ്റമാണ് രണ്ടാമത്തെ സാഹചര്യം. മൂന്നാമതായി ഒരു ജനപ്രതിനിധി ക്രിമിനല്‍ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തെ അയോഗ്യനാക്കാം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലാണ് മൂന്നാം സാഹചര്യത്തിലുള്ള അയോഗ്യതയെ കുറിച്ച് പരാമര്‍ശിക്കുന്നത്.

ജനപ്രാതിനിധ്യ നിയമത്തില്‍ പറയുന്നതെന്ത്?

 

അയോഗ്യതയെക്കുറിച്ചുള്ള നിരവധി നിബന്ധനകള്‍ ഈ നിയമത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. അഴിമതി, അവിശ്വാസ്യത മുതലായ വ്യവസ്ഥകളാണ് സെക്ഷന്‍ ഒന്‍പതില്‍ പരാമര്‍ശിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തെക്കുറിച്ചാണ് സെക്ഷന്‍ 10 പറയുന്നത്. ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം സെക്ഷനിലാണ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അയോഗ്യതയെക്കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നത്.

 

രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വത്ക്കരണവും തടയുന്നതിനെക്കുറിച്ചാണ് ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പില്‍ പരാമര്‍ശിക്കുന്നത്. രണ്ട് ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുക, കോഴ വാങ്ങുക മുതലായ കുറ്റകൃത്യങ്ങളെക്കുറിച്ച് നിയമത്തിന്റെ സെക്ഷന്‍ 8(1) പറയുന്നു.

 

ലാഭേച്ഛയോടെയുള്ള പൂഴ്ത്തിവയ്പ്പ്, ഭക്ഷണത്തില്‍ മായം കലര്‍ത്തല്‍, സ്ത്രീധന നിരോധന നിയമത്തിന്റെ ലംഘനം മുതലായ കുറ്റകൃത്യങ്ങളെക്കുറിച്ച് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8 (2) പരാമര്‍ശിക്കുന്നു.

 

ഏതെങ്കിലും കുറ്റകൃത്യത്തിന് രണ്ട് വര്‍ഷത്തില്‍ അധികം തടവ് ശിക്ഷ വിധിക്കപ്പെടുന്ന വ്യക്തിയെ അയോഗ്യനാക്കുന്നത് സംബന്ധിച്ചാണ് നിയമത്തിലെ സെക്ഷന്‍ 8(3) പറയുന്നത്. ഈ വ്യക്തിയ്ക്ക് പിന്നീട് ആറ് വര്‍ഷത്തേക്ക് മത്സരിക്കാന്‍ യോഗ്യതയുണ്ടായിരിക്കില്ലെന്നും നിയമം പറയുന്നു. ഇതാണ് രാഹുലിനെതിരെ ഇപ്പോള്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്.

സുപ്രിംകോടതി ഇടക്കാല ഉത്തരവ്?

 

വിചാരണ കോടതി ഉത്തരവിനെ വിമര്‍ശിച്ചുകൊണ്ടാണ് ഇന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി വന്നത്. കീഴ്‌ക്കോടതി വിധിച്ച പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായി ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവില്‍ അവ്യക്തമാണ്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ബിആര്‍ ഗവായി, പി എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അയോഗ്യ നീങ്ങുന്നതോടെ രാഹുലിന് ഇനി വയനാടിന്റെ എംപിയായി തുടരാം.

 

അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായത്.

മോദി സമുദായത്തെ അപമാനിച്ചിട്ടില്ലെന്ന് രാഹുല്‍ വാദത്തില്‍ ആവര്‍ത്തിച്ചു. മോദി സമുദായത്തെ അപമാനിച്ചെന്ന് കാണിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഒന്നും തന്നെ പരാതിക്കാരന്‍ വിചാരണ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. അയോഗ്യനായത് മൂലം വലിയ ക്ഷതം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി. പറ്റിയ തെറ്റ് തിരുത്താനുള്ള മാന്യത പുലര്‍ത്താത്ത സമീപനം ആണ് രാഹുലിന്റെത് എന്ന് പരാതിക്കാരന്‍ പൂര്‍ണേഷ് മോദി വാദിച്ചു. ഗുജറാത്തില്‍ ആയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന പരാമര്‍ശം തെറ്റാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. കേസിനെ രാഷ്ട്രീയമാക്കി മാറ്റാന്‍ അനുവദിയ്ക്കില്ലെന്ന് സിംഗ്വിയോട് കോടതി ഓര്‍മിപ്പിച്ചു.