സ്വാതന്ത്ര്യ ദിനാഘോഷം; ജില്ലയില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ അഭിവാദ്യം സ്വീകരിക്കും
മലപ്പുറം ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ കായിക,ന്യൂനപക്ഷ ക്ഷേമ,ഹജ്ജ്,വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍ അഭിവാദ്യം സ്വീകരിക്കും. എം.എസ്.പി. അസിസ്റ്റന്റ് കമാന്‍ഡന്റ് കെ. രാജേഷ് പരേഡ് കമാന്‍ഡറാകും. പരേഡില്‍ പൊലീസ് ഉള്‍പ്പടെ വിവിധ സേനാ വിഭാഗങ്ങളുടെയും എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയവയുടെയും 38 പ്ലാറ്റൂണുകള്‍ അണിനിരക്കും.
മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്ന പ്രഭാതഭേരിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുക.
രാവിലെ 7.15 ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രഭാതഭേരി പെരിന്തല്‍മണ്ണ റോഡിലൂടെ എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തും. രാവിലെ 8.40ന് സിവില്‍സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മന്ത്രി വി. അബ്ദുറഹിമാന്‍ പരേഡ് ഗ്രൗണ്ടിലെത്തുക. തുടര്‍ന്ന് ഒമ്പത് മണിക്ക് പതാക ഉയര്‍ത്തും. എം.എസ്.പി, പൊലീസ്, വനിതാ പൊലീസ്, സായുധ റിസര്‍വ് പോലീസ്, എക്സൈസ്, ഫോറസ്റ്റ്, അഗ്നിശമന സേന തുടങ്ങി വിവിധ സേനകളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പരേഡിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണത്തിന് ശേഷം 9.30ന് ദേശീയഗാനത്തോടെ പരിപാടികള്‍ സമാപിക്കും.
പ്രഭാതഭേരിയില്‍ മികച്ച പ്രകടനം നടത്തുന്ന ടീമിനും, പരേഡിലെ മികച്ച സേനാ വിഭാഗത്തിനും സമ്മാനം നല്‍കും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മികച്ച രീതിയില്‍ അലങ്കരിച്ച മലപ്പുറം നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും സമ്മാനം നല്‍കും.