ബ്രിക്സ് ഉച്ചകോടി: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ഇന്ന് തുടക്കമാകും

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം. അഞ്ച് രാഷ്ട്രങ്ങളുടെ സംഘടനായ ബ്രിക്സിന്റെ പതിനഞ്ചാമത് ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലാണ് നടക്കുന്നത്. ഓഗസ്റ്റ് 22 മുതൽ 24 വരെയാണ് ഉച്ചകോടി. 4 ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലും ഗ്രീസിലുമെത്തും. ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും പുറമെ ചൈന, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളും ബ്രിക്സിൽ അംഗങ്ങളാണ്.

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റമഫോസയുടെ ക്ഷണപ്രകാരമാണ് മോദി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. 2019ന് ശേഷം നടക്കുന്ന ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. 2020, 2021, 2022 വർഷങ്ങളിൽ ഓൺലൈനായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ജോഹന്നാസ്ബർഗിൽ എത്തുന്ന ലോകനേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി മോദി നിർണായക കൂടിക്കാഴ്ച നടത്തിയേക്കും.

പ്രധാനമന്ത്രിക്കൊപ്പം ഒരു ബിസിനസ് പ്രതിനിധി സംഘവും ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. ഇവർ ഉച്ചകോടിയുടെ ഭാ​ഗമായുള്ള ബിസിനസ് ട്രാക്ക് മീറ്റിംഗുകളിലും ബ്രിക്സ് ബിസിനസ് കൗൺസിൽ, ബ്രിക്സ് വനിതാ ബിസിനസ് അലയൻസ്, ബ്രിക്സ് ബിസിനസ് ഫോറം മീറ്റിംഗുകളിൽ എന്നിവയിലും പങ്കെടുക്കും. ഉച്ചകോടിക്ക് ശേഷം വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗ്രീസിലെത്തി പ്രധാനമന്ത്രി ഉഭയകക്ഷി യോഗങ്ങളിൽ പങ്കെടുക്കും. 40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്.