അന്ന് അംഗീകരിക്കപ്പെടാത്തതിൽ എല്ലാവർക്കും സങ്കടമുണ്ടായിരുന്നു, ഇന്ന് സന്തോഷം: ഇന്ദ്രൻസ്

ദേശീയ പുരസ്‌കാര നേട്ടത്തിൽ മലയാളത്തിന്റെ അഭിമാനമായി ഇന്ദ്രൻസ്. ഹോം എന്ന ചിത്രത്തിനാണ് താരത്തെ പുരസ്‌കാരം തേടിയെത്തിയത്. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ദ്രൻസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഹോമി’ന് സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്ന് ഇന്ദ്രൻസ് അന്ന് പ്രതികരിച്ചിരുന്നു. ജൂറി ‘ഹോം’ സിനിമ കണ്ടിട്ടുണ്ടാകില്ല. ‘ഹൃദയം’ മികച്ച സിനിമയാണ്, അതിനോടൊപ്പം ചേര്‍ത്തുവയ്‍ക്കണ്ടതാണ് ‘ഹൃദയ’വും, അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തെ കണ്ടുവച്ചിട്ടുണ്ടാകാം എന്നുമായിരുന്നു അന്ന് ഇന്ദ്രൻസ് പ്രതികരിച്ചത്. പ്രപഞ്ചത്തില്‍ ഒരു സത്യമുണ്ട്, മനുഷ്യരല്ലേ അവാര്‍ഡ് കിട്ടുമ്പോള്‍ സന്തോഷം വരും, കിട്ടാത്തപ്പോള്‍ വിഷമം വരും എന്നാണ് ഇന്നിപ്പോള്‍ ഇന്ദ്രൻസ് പ്രതികരിച്ചിരിക്കുന്നത്. എന്നെക്കാള്‍ കഷ്‍ടപ്പെട്ടവരാണ് സിനിമയിലുള്ള മറ്റുള്ളവര്‍. അത് അംഗീകരിക്കാതെ പോയതില്‍ അന്ന് എല്ലാവര്‍ക്കും സങ്കടം ഉണ്ടായിരുന്നുവെന്നും ഇന്ദ്രൻസ് പ്രതികരിച്ചു. ഇപ്പോള്‍ ദേശീയ തലത്തില്‍ അംഗീകാരം കിട്ടിയതില്‍ വളരെ സന്തോഷമുണ്ട് എന്നും ഇന്ദ്രൻസ് പ്രതികരിച്ചിരിക്കുന്നു. പണ്ട് ബാലചന്ദ്ര മേനോൻ പറഞ്ഞുപോലെ സെമിഫൈനില്‍ തോറ്റ് ഫൈനലില്‍ ജയിച്ചുവെന്ന് പ്രേക്ഷകനും തോന്നിയേക്കും ഇന്ദ്രൻസിന് ലഭിച്ച അംഗീകാരത്തില്‍.