ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തിരുവനന്തപുരത്ത് നടക്കുക നാല് വാംഅപ് മത്സരങ്ങള്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് ടീം ഇന്ത്യയടക്കമുള്ളവരുടെ ഔദ്യോഗിക പരിശീലന മത്സരങ്ങള്‍ക്ക് വേദിയാവുന്നത്. ഹൈദരാബാദും ഗുവാഹത്തിയുമാണ് വാം അപ് മത്സരങ്ങളുടെ മറ്റ് വേദികള്‍. എല്ലാ ടീമുകള്‍ക്കും രണ്ട് വീതം ആകെ 10 വാംഅപ് മത്സരങ്ങളാണ് ലോകകപ്പിന് മുമ്പുള്ളത്. പരിശീലന മത്സരം കാണാനും ആരാധകർ ടിക്കറ്റ് എടുക്കണമെന്ന് ഐസിസി നേരത്തെ വ്യക്തമാക്കിയിരുന്നു.
ലോകകപ്പില്‍ പ്രധാന മത്സരങ്ങള്‍ക്കുള്ള ഫിക്സച്ചറില്‍ സ്ഥാനം പിടിച്ചില്ലെങ്കിലും ടീം ഇന്ത്യയുടെ ഉള്‍പ്പടെ നാല് പരിശീലന മത്സരങ്ങള്‍ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്നത് ആരാധകരെ ത്രില്ലിലാക്കും. സെപ്റ്റംബർ 29ന് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് തിരുവനന്തപുരത്തെ ആദ്യ വാംഅപ് മത്സരം. സെപ്റ്റംബർ 30ന് മുന്‍ ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയും യോഗ്യതാ റൌണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്ത നെതർലന്‍ഡ്സും ഏറ്റുമുട്ടുന്ന മത്സരമുണ്ട്. ഒക്ടോബർ രണ്ടിന് ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക പോരാട്ടമാണ് ഇവിടെ നടക്കുന്ന ഏറ്റവും വാശിയേറിയ മത്സരം. തൊട്ടടുത്ത ദിവസം മൂന്നാം തിയതി ടീം ഇന്ത്യ, നെതർലന്‍ഡ്സുമായി ഏറ്റുമുട്ടും.
വാംപ് ഘട്ടത്തിലെ മറ്റ് മത്സരങ്ങള്‍ ഇങ്ങനെയാണ്. സെപ്റ്റംബർ 29, ബംഗ്ലാദേശ്- ശ്രീലങ്ക(ഗുവാഹത്തി), സെപ്റ്റംബർ 29, ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍(ഹൈദരാബാദ്), സെപ്റ്റംബർ 30- ഇന്ത്യ- ഇംഗ്ലണ്ട്(ഗുവാഹത്തി), ഒക്ടോബർ 2- ഇംഗ്ലണ്ട്- ബംഗ്ലാദേശ്(ഗുവാഹത്തി), ഒക്ടോബർ 3- അഫ്ഗാനിസ്ഥാന്‍ ശ്രീലങ്ക(ഗുവാഹത്തി). ഒക്ടോബർ 3- പാകിസ്ഥാന്‍- ഓസ്ട്രേലിയ(ഹൈദരാബാദ്). 50 ഓവർ ഫോർമാറ്റിലുള്ള എല്ലാ പരിശീലന മത്സരങ്ങളും പകലും രാത്രിയുമായാണ് നടക്കുക. കളികള്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ആരംഭിക്കുക. 15 അംഗ സ്ക്വാഡിലെ എല്ലാ താരങ്ങളേയും വാംഅപ് മത്സരത്തിന് ഇറക്കാം.