ഇന്ത്യൻ ക്രിക്കറ്റ് പ്ലയെർ വിരാട് കോലി ഇന്നലെ തന്‍റെ യോയോ ടെസ്റ്റ് ഫലം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. എന്നാല്‍ ഇതേ ഇന്‍സ്റ്റ സ്റ്റോറിയുടെ പേരില്‍ കോലിയെ ശക്തമായി താക്കീത് ചെയ്തിരിക്കുകയാണ് ബിസിസിഐ എന്നാണ് ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോർട്ട്. രഹസ്യമായി വെക്കേണ്ട യോയോ ടെസ്റ്റിന്‍റെ സ്കോർ കോലി പരസ്യമാക്കിയതാണ് ബിസിസിഐയെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കാന്‍ ബിസിസിഐ കർശനമാക്കിയിരിക്കുന്ന കായികക്ഷമതാ പരിശോധനാ രീതിയാണ് യോയോ ടെസ്റ്റ്. ഇതില്‍ വിജയിക്കാതെ ഒരു താരവും ഇന്ത്യന്‍ ടീമിന്‍റെ പടി കാണില്ല എന്ന കർശന നിലപാടാണ് ബിസിസിഐക്കുള്ളത്. ക്യാപ്റ്റനായിരിക്കേ വിരാട് കോലിയാണ് താരങ്ങളുടെ ഫിറ്റ്നസ് നിലനിർത്താന്‍ കഠിന പരിശീലനമുറകള്‍ നിർബന്ധമാക്കിയത്. എന്നാല്‍ ഇതേ കോലി തന്നെ ഇപ്പോള്‍ യോയോ ടെസ്റ്റിന്‍റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ്. ഏഷ്യാ കപ്പിന് മുമ്പ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ നടന്ന യോയോ ടെസ്റ്റിന്‍റെ ഫലം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കോലി പോസ്റ്റ് ചെയ്തതാണ് പണിയായത്. രഹസ്യ സ്വഭാവമുള്ള യോയോ ടെസ്റ്റിന്‍റെ സ്കോർ കോലി പുറത്തുവിട്ടത് അച്ചടക്കലംഘനമാണ് എന്നാണ് ബിസിസിഐ കരുതുന്നത്. യോയോ ടെസ്റ്റ് വിവരങ്ങള്‍ പുറത്തുവിടരുത് എന്ന് താരങ്ങള്‍ക്ക് ബിസിസിഐ വാക്കാല്‍ കർശന നിർദേശം ഇതിന് പിന്നാലെ നല്‍കിയതാണ് സൂചന.
17.2 സ്കോറോടെ യോയോ ടെസ്റ്റ് പാസായി എന്നാണ് കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 16.5 ആണ് ഫിറ്റ്നസ് തെളിയിക്കാന്‍ താരങ്ങള്‍ക്ക് ബിസിസിഐ നിശ്ചയിച്ചിരിക്കുന്ന ബഞ്ച് മാർക്ക്. വിരാട് കോലിക്ക് പുറമെ ക്യാപ്റ്റന്‍ രോഹിത് ശർമ്മയും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും യോയോ ടെസ്റ്റ് പാസായിട്ടുണ്ട്. അയർലന്‍ഡ് പര്യടനത്തില്‍ ഈ മൂവരെ കൂടാതെ വിശ്രമത്തിലായിരുന്ന രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയവർക്കും യോയോ ടെസ്റ്റ് വരുന്നുണ്ട്. വിന്‍ഡീസ് പര്യടനം കഴിഞ്ഞെത്തിയ താരങ്ങള്‍ വിശ്രമത്തിലായിരുന്നു. അയർലന്‍ഡ് പര്യടനം കഴിഞ്ഞ് ജസ്പ്രീത് ബുമ്രയും പ്രസിദ്ധ് കൃഷ്ണയും തിലക് വർമ്മയും സ്റ്റാന്‍ഡ്- ബൈ താരം സഞ്ജു സാംസണും ഇന്ന് ബെംഗളൂരുവിലെ ടീം ക്യാംപില്‍ ചേരും.