ഉത്തർപ്രദേശിൽ ഒരു മതവിഭാഗത്തിൽപ്പെട്ട കുട്ടിയെ മറ്റു മതവിഭാഗത്തിൽപ്പെട്ട കുട്ടികളെ കൊണ്ട് മുഖത്ത് അടിപ്പിച്ച സംഭവത്തിൽ അധ്യാപികക്കെതിരെ പോലീസ് എടുത്ത കേസ് നിസ്സാര വകുപ്പുകൾ ചേർത്ത്.ഐപിസി 323,504 എന്നീ വകുപ്പുകൾ ചേർത്താണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അതേസമയം കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.
ഉത്തർപ്രദേശ് മുസഫർനഗർ ജില്ലിയിലെ ഖുബ്ബാപൂർ ഗ്രാമത്തിലെ സ്‌കൂളിലാണ് അധ്യാപിക തൃപ്ത ത്യാഗി ഏഴുവയസ്സുകാരനെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ചത്. കുട്ടിയുടെ അച്ചന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തെങ്കിലും ഇവർക്കെതിരെ നിസ്സാര വകുപ്പുകളോടെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.ഐപിസി 323,504 എന്നീ വകുപ്പുകളാണ് നിലവിലുള്ളത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ആണിവ.കുട്ടിയുടെ പിതാവിൻറെ പരാതിയെ തുടർന്നാണ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് അധ്യാപികയെ ചോദ്യം ചെയ്യുന്ന അടക്കമുള്ള നടപടികൾ വൈകുകയാണ്. അധ്യാപികക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും എന്നാണ് സൂചന.
എന്നാൽ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി കുട്ടിയുടെ പിതാവ് ആരോപിച്ചു.മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കുടുംബത്തെ നരേഷ് ടികായത്തിന്റെ നേ തൃത്വത്തിലുള്ള ബികെയു നേതാക്കൾ ഇന്നലെ സന്ദർശിച്ചിരുന്നു. സന്ദർശനത്തിന്റെ ഭാഗമായി ഇരയായകുട്ടിയെ മർദിച്ച സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിച്ചു. അധ്യാപികയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, സ്‌കൂളിന് വിശദീകരണം ആവശ്യപ്പെട്ട് ഔദ്യോഗിക നോട്ടിസ് നൽകി.