അതിരപ്പിള്ളിയില്‍ നിന്ന് വാഴച്ചാലിലേക്ക് സൈക്കിള്‍ സവാരി; പദ്ധതിക്ക് തുടക്കമിട്ട് തൃശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്‍
തൃശൂര്‍: അതിരപ്പിള്ളിയും വാഴച്ചാലും സന്ദര്‍ശിക്കാനെത്തത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സൈക്കിളില്‍ കറങ്ങാനുള്ള സംവിധാനമൊരുക്കി തൃശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്‍. രണ്ടുകേന്ദ്രങ്ങളെയും കോര്‍ത്തിണക്കി കാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള സൈക്കിള്‍ ടൂറിസം പദ്ധതി അതിരപ്പിള്ളി പഞ്ചായത്തുമായി ചേര്‍ന്നാണ് നടപ്പാക്കുന്നതെന്ന് കുടുംബശ്രീ അറിയിച്ചു.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കൗണ്ടറിലാണ് സൈക്കിള്‍ വാടകയ്ക്കെടുക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ സൈക്കിളുകള്‍ ലഭ്യമാണ്. ആദ്യത്തെ ഒരു മണിക്കൂറിന് 100 രൂപയും പിന്നീടുള്ള അരമണിക്കൂറിന് 30 രൂപ വീതവും നല്‍കി സൈക്കിള്‍ ഉപയോഗിക്കാനാകും. സുരക്ഷയ്ക്ക് ഹെല്‍മറ്റും നല്‍കും. പരിസ്ഥിതി മലിനീകരണം പരമാവധി കുറച്ച് ‘കാര്‍ബണ്‍ ന്യൂട്രല്‍ അതിരപ്പിള്ളി’ എന്ന ലക്ഷ്യം കൈവരിക്കുകയും ‘സൈക്കിള്‍ ഓഫ് ഡ്രൈവ്സ്’ പദ്ധതിയുടെ ലക്ഷ്യമാണെന്ന് കുടുംബശ്രീ അറിയിച്ചു.
ഓണം മേളകളിലൂടെ കുടുംബശ്രീ നേടിയത് 23 കോടിയുടെ വില്‍പ്പന
തിരുവനന്തപുരം: ഓണം മേളകളിലൂടെ കുടുംബശ്രീ കൈവരിച്ചത് 23 കോടി രൂപയുടെ വില്‍പ്പനയാണെന്ന് മന്ത്രി എംബി രാജേഷ്. ഏറ്റവും കൂടുതല്‍ മേളകള്‍ നടത്തിയത് മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ്. വിലക്കയറ്റം തടയാന്‍ സഹായിച്ച സര്‍ക്കാരിന്റെ വിപണി ഇടപെടലില്‍ കുടുംബശ്രീ ശ്രദ്ധേയമായ ഒരു പങ്ക് വഹിച്ചെന്നും മന്ത്രി പറഞ്ഞു. പൂവിപണിയിലും ശക്തമായ സാന്നിദ്ധ്യം തീര്‍ക്കാന്‍ കുടുംബശ്രീക്ക് സാധിച്ചെന്ന് മന്ത്രി പറഞ്ഞു. 1819 വനിതാ കര്‍ഷക സംഘങ്ങള്‍ 780 ഏക്കറിലാണ് പൂ കൃഷി നടത്തിയത്. കഴിഞ്ഞ വര്‍ഷം 128 ഏക്കറിലായിരുന്നു കൃഷി ചെയ്തത്. 100 സംഘങ്ങള്‍ ചേര്‍ന്ന് 186.37 ഏക്കറില്‍ കൃഷിയിറക്കിയ തൃശൂര്‍ ജില്ലയാണ് ഇക്കുറി ഒന്നാമതെത്തിയതെന്നും എംബി രാജേഷ് അറിയിച്ചു.