ജി20 ഉച്ചകോടിക്ക് ഇന്ന് ദില്ലിയിൽ സമാപനം

ദില്ലി : ജി20 ഉച്ചകോടിക്ക് ഇന്ന് ദില്ലിയിൽ സമാപനം. ‘ഒരു ഭാവി’ എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷൻ ഇന്ന് നടക്കും. 10.30 മുതൽ പന്ത്രണ്ടര വരെയാണ് ചർച്ചകൾ നടക്കുക. രാവിലെ രാജ് ഘട്ടിൽ സന്ദർശനം നടത്തുന്ന ലോക നേതാക്കൾ ഗാന്ധിജിയുടെ സ്മൃതി കുടീരത്തിൽ ആദരമർപ്പിക്കും. ജി20 വേദിയായ ഭാരത മണ്ഡപത്തിൽ നേതാക്കൾ മരത്തൈ നടും. ഇന്നലെ സംയുക്ത പ്രസ്താവന പുറത്തിറക്കിയ ജി 20 യോഗത്തിൽ ആഫ്രിക്കൻ യൂണിയനും അംഗത്വം നൽകാൻ തീരുമാനമായിരുന്നു. വൈകിട്ട് ലോക നേതാക്കൾ രാഷ്ട്രപതി ദ്രൗപതി വിളിച്ച അത്താഴ വിരുന്നിലും പങ്കെടുത്തിരുന്നു.

അതിനിടെ, ദില്ലിയിൽ രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിന് സമീപവും വെള്ളക്കെട്ടുണ്ടായി. ഇൻറർനാഷണൽ മീഡിയ സെൻറിലെ കെട്ടിടത്തിലെ താഴെ നിലയിലും വെള്ളം കയറി. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്.

അതേ സമയം, യുക്രെയിൻ സംഘർഷം കൂടി ഉൾപ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനത്തിൽ റഷ്യയോട് വിട്ടുവീഴ്ച ചെയ്തെന്ന വിമർശനം അമേരിക്കൻ മാധ്യമങ്ങൾ ഉയർത്തി. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങൾക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കിയത്. ഇതിനെതിരെയാണ് അമേരിക്കൻ മാധ്യമങ്ങൾ വിമർശനമുയർത്തുന്നത്. എന്നാൽ റഷ്യൻ കടന്നുകയറ്റത്തിൽ ശക്തമായ താക്കീതുണ്ടെന്നാണ് യുഎസ് എൻഎസ്എ ജേക്ക് സള്ളിവൻ പ്രതികരിച്ചത്. അഭിമാനിക്കാൻ ഒന്നുമില്ലെന്നായിരുന്നു യുക്രെയ്ൻ പ്രതികരണം.

സംയുക്ത പ്രഖ്യാപനത്തിലെ സമവായം, രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി

ജി20 സംയുക്ത പ്രഖ്യാപനം രാഷ്ട്രീയ പ്രചാരണത്തിന് ആയുധമാക്കാനുള്ള തന്ത്രം മെനയുകയാണ് ബിജെപി. ജി20 അദ്ധ്യക്ഷ പദവിയിൽ ഏറ്റവും വിജയിച്ച നേതാവ് നരേന്ദ്ര മോദിയെന്നാണ് ബിജെപി പ്രചാരണം. ജി20യുടെ വിജയം നാളെ മുതൽ ജനങ്ങളിലെത്തിക്കാൻ ബിജെപി നിർദ്ദേശം നൽകിയിട്ടുണ്ട്.