എറണാകുളം: പെരുമ്പാവൂർ രായമംഗലത്ത് യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു. രായമംഗലം സ്വദേശിനി അൽക്ക അന്ന ബിനുവാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ പെൺകുട്ടി ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. സെപ്റ്റംബർ 5 നായിരുന്നു വീട്ടിലെത്തിയ ഇരിങ്ങോൽ സ്വദേശി ബേസിൽ പെൺകുട്ടിയെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം ബേസിൽ ആത്മഹത്യ ചെയ്തിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിന്‍റെ പേരിലായിരുന്നു നഴ്സിംഗ് വിദ്യാർത്ഥിയായ പെൺകുട്ടിയെ 21കാരൻ ബേസിൽ ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ചശേഷം ബേസിൽ തൂങ്ങിമരിച്ചു.
വീടിന് മുന്‍വശത്ത് സിറ്റൗട്ടില്‍ ഇരുന്ന പെണ്‍കുട്ടിയെ വഴിയില്‍ നിന്ന് ഓടിവന്ന ബേസില്‍ വെട്ടിയത് അപ്രതീക്ഷിതമായാണ്. ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് മാറാന്‍ പോലും പെണ്‍കുട്ടിക്ക് സാധിച്ചില്ല. ബേസിലിന്‍റെ കൈവശം വെട്ടുകത്തിക്ക് പുറമെ ഒരു ബാറ്റും ഉണ്ടായിരുന്നു. ഉച്ഛഭക്ഷണം കഴിഞ്ഞ് വീടിന്‍റെ വീടിനകത്ത് വിശ്രമിക്കുകയായിരുന്ന മുത്തച്ഛനും മുത്തശ്ശിയും പെണ്‍കുട്ടിയുടെ നിലവിളി കേട്ടാണ് പുറത്തേക്ക് ഓടിവന്നത്.
തടയാന്‍ ശ്രമിച്ച മുത്തച്ഛനെ തള്ളിയിട്ട് കത്തികൊണ്ട് മുതുകത്ത് വെട്ടി, കയ്യിലുണ്ടായിരുന്ന ബാറ്റ് വച്ച് അടിച്ചു. കസേരയെടുത്ത് പ്രതിരോധിച്ച മുത്തശ്ശിക്കും വെട്ടേറ്റു. തലേന്ന് രാത്രി തന്നെ വീടിന് മുന്നില്‍ ബേസില്‍ എത്തിയിരുന്നതായും മുത്തച്ഛൻ സംശയമുന്നയിച്ചിരുന്നു. ഡോക്ടര്‍മാരുടെ പെട്ടന്നുള്ള ഇടപെടലിലാണ് കുട്ടിയുടെ തുടര്‍ചികിത്സയ്ക്ക് വഴിയൊരുങ്ങിയത്. ദിവസങ്ങളോളം ചികിത്സയിൽ തുടർന്നതിന് ശേഷണാണ് ഇന്ന് വൈകുന്നേരത്തോടെ പെൺകുട്ടി മരിച്ചത്. ശസ്ത്രക്രിയകളെല്ലാ പൂർത്തിയാക്കിയെങ്കിലും കുട്ടിയുടെ നില ഗുരുതരമായി തുടരുകയായിരുന്നു.