ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നത്തിൽ അഭിപ്രായ പ്രകടനവുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ

വാഷിങ്ടൺ: ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നത്തിൽ അഭിപ്രായ പ്രകടനവുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. ഉറുമ്പ് ആനക്കെതിരെ യുദ്ധം ചെയ്യുന്നതിന് സമമാണ് കാനഡ ഇന്ത്യക്കെതിരെ നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ആനയായും കാനഡയെ ഉറുമ്പായുമാണ് റൂബിൻ താരതമ്യപ്പെടുത്തിയത്. കാനഡയും ഇന്ത്യയും തമ്മിലുള്ള പ്രശ്നത്തിൽ അമേരിക്ക പക്ഷം പിടിക്കേണ്ടി വന്നാൽ ഇന്ത്യക്കൊപ്പമായിരിക്കുമെന്നും ബന്ധം വളരെ പ്രധാനമായതിനാൽ ഇന്ത്യയെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രപരമായി ഇന്ത്യ കാനഡയേക്കാൾ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിൻ ട്രൂഡോ അധികകാലം അധികാരത്തിലിരിക്കാനിടയില്ലെന്നും അദ്ദേഹം പടിയിറങ്ങിയ ശേഷം യുഎസിന് കാനഡയുമായുള്ള ബന്ധം വീണ്ടും ഊഷ്മളമാക്കാമെന്നും റൂബിൻ നിർദ്ദേശിച്ചു. രണ്ട് സുഹൃത്തുക്കളിൽ ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാൽ, അമേരിക്ക ഇന്ത്യയെ തെരഞ്ഞെടുക്കേണ്ടി വരും. കാരണം കൊല്ലപ്പെട്ട നിജ്ജാർ തീവ്രവാദി ആയിരുന്നുവെന്നും മൈക്കൽ റൂബിൻ വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.

ഇറാൻ, തുർക്കി, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ട് സ്പെഷ്യലൈസേഷനിലെ മുതിർന്ന ഉദ്യോ​ഗസ്ഥനുമായിരുന്നു റൂബിൻ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്. കൊലക്ക് പിന്നിൽ ഇന്ത്യയുടെ പങ്ക് ആരോപിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രം​ഗത്തെത്തിയതിന് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇരു രാജ്യങ്ങളും നയതന്ത്രജ്ഞരെ പുറത്താക്കി. കാനഡയുടെ ആരോപണത്തെ അസംബന്ധം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന യാതൊരു തെളിവും ട്രൂഡോ വെളിപ്പെടുത്തിയില്ല.

അതേസമയം, അതിർത്തി കടന്നുള്ള അടിച്ചമർത്തലുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അമേരിക്കയും അന്വേഷിക്കുകയാണെന്നും ബ്ലിങ്കൻ കൂട്ടിച്ചേര്‍ത്തു. അതേസമയം, അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവിച്ച് ക്വാഡ് രാഷ്ട്രങ്ങള്‍ രംഗത്തെത്തി. ന്യൂയോര്‍ക്കില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യയെ പിന്തുണച്ചും കാനഡയെ പരോക്ഷമായി വിമര്‍ശിച്ചുമുള്ള പ്രസ്താവന പുറത്തിറക്കിയത്.