ലണ്ടന്‍: ലോകകപ്പിന് തൊട്ടു മുമ്പ് ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഏകദിന പരമ്പപ സ്വന്തമാക്കിയതിന് മറ്റ് ടീമുകള്‍ക്ക് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇന്ത്യയെ തോല്‍പ്പിക്കുന്നവര്‍ ഇത്തവണ ലോകകപ്പ് സ്വന്തമാക്കുമെന്ന് വോണ്‍ എക്സില്‍(മുമ്പ് ട്വിറ്റര്‍) പറഞ്ഞു.
ഇപ്പോള്‍ ഒന്ന് കൂടി വ്യക്തമായി. ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കുന്നവര്‍ ലോകകപ്പ് നേടും. ഇന്ത്യന്‍ പിച്ചുകളില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിരക്ക് എതിരാളികളെ പരിഹാസ്യരാക്കാനാകും. അതിന് പുറണെ അവര്‍ക്ക് എല്ലാതരത്തിലുള്ള ബൗളിംഗ് വൈവിധ്യവുമുണ്ട്. ലോകകപ്പ് നേടുന്നതില്‍ നിന്ന് അവരെ തടയുന്ന ഒരേയൊരു കാര്യം പ്രതീക്ഷകളുടെ സമ്മര്‍ദ്ദം മാത്രമായിരിക്കുമെന്നും വോണ്‍ ട്വിറ്ററില്‍ കുറിച്ചു.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ വിട്ടു നിന്നിട്ടും ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു. മുന്‍നിരതാരങ്ങളില്ലാതിരുന്നിട്ടും ആദ്യ മത്സരത്തില്‍ റുതുരാജ് ഗെയ്ക്‌വാദും ശുഭ്മാന്‍ ഗില്ലും കെ എല്‍ രാഹുലും ഇന്ത്യക്കായി തിളങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ഇന്ത്യക്കായി സെഞ്ചുറികള്‍ നേടി.
മധ്യനിരയില്‍ ക്യാപ്റ്റനായ കെ എല്‍ രാഹുല്‍ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ 37 പന്തില്‍ 72 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് ഫിനിഷര്‍ റോള്‍ ഗംഭീരമാക്കി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം 27ന് രാജ്കോട്ടില്‍ നടക്കും. ഓസീസെനെതിരായ ഏകദിന പരമ്പരക്ക് ശേഷം ലോകകപ്പ് സന്നാഹ മത്സരങ്ങളിലും ഇന്ത്യ കളിക്കും.ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവാരി ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഇറങ്ങുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം.