25 വയസുകാരിയെ സ്വന്തം അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന്‍ പിടിയില്‍

ഡല്‍ഹി: 25 വയസുകാരിയെ സ്വന്തം അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന്‍ പിടിയില്‍. ഗുരുഗ്രാമിലെ സെക്ടര്‍ 92ലുള്ള ഒരു ഫ്ലാറ്റിലായിരുന്നു സംഭവം. ഇവിടെ ഹൗസിങ് സൊസൈറ്റി നിയമിച്ചിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ കടന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് യുവതിയെ മുറിവേല്‍പ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് പരിസരവാസികളെ നടുക്കിയ ആക്രമണമുണ്ടായത്. ഭര്‍ത്താവ് ജോലിക്ക് പോയ ശേഷം രാവിലെ 11 മണിയോടെ യുവതി ഫ്ലാറ്റില്‍ തനിച്ചാണെന്ന് മനസിലാക്കിയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ എത്തിയത്. ഫ്ലാറ്റിന് മുന്നിലെത്തി ബെല്ലടിച്ചപ്പോള്‍ യുവതി ഡോര്‍ തുറന്നു. ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ ചില തകരാറുകളുണ്ടെന്നും അത് പരിശോധിക്കണമെന്നും അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനായതിനാല്‍ യുവതി സമ്മതിച്ചു. എന്നാല്‍ ഫ്ലാറ്റിനുള്ളില്‍ കടന്ന ഇയാള്‍ യുവതിയെ പിന്നില്‍ നിന്ന് കടന്നുപിടിച്ച് നിലത്തേക്ക് തള്ളിയിട്ടു. യുവതി തടയാന്‍ ശ്രമിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തപ്പോള്‍ മൂര്‍ച്ചയുള്ള ആയുധം പുറത്തെടുത്ത് അതുപയോഗിച്ച് ആക്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ വീട്ടില്‍ ഘടിപ്പിച്ചിരുന്ന അലാം മുഴക്കിയപ്പോള്‍ അയല്‍വാസികള്‍ ശ്രദ്ധിച്ചു. പരിസരത്തുണ്ടായിരുന്നവര്‍ ഓടി എത്തിയപ്പോഴേക്കും സെക്യൂരിറ്റി ഗാര്‍ഡ് സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. യുവതി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിവരമറിയിച്ചതനുസരിച്ച് അദ്ദേഹം അപ്പാര്‍ട്ട്മെന്റിലെ ഓഫീസ് ജീവനക്കാരെ വിളിച്ചു. റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫീസ് ജീവനക്കാര്‍ സ്ഥലത്തെത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
സംഭവം അപമാനകരമാണെന്ന് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 2019 മുതല്‍ ഫ്ലാറ്റില്‍ ചെയ്യുന്നയാളാണ് ഈ സുരക്ഷാ ജീവനക്കാരനെന്നും ഇതുവരെ ഇത്തരത്തിലുള്ള പരാതികളൊന്നം ലഭിച്ചിട്ടില്ലെന്നും അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. സെക്യൂരിറ്റി ഉദ്യോഗസ്ഥനായ വിഷ്ണുവിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ കണ്ടെത്താനായി മൂന്ന് സംംഘങ്ങളെ നിയോഗിച്ചതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.