ജീവിതം മടുത്തു, എങ്ങനെ അവസാനിപ്പിക്കാം?‌, 28കാരന്‍റെ ഗൂഗിൾസെ‍ർച്ച്; ഇടപെട്ടത് ഇൻറര്‍പോൾ

മുബൈ: ആത്മഹത്യക്ക് ശ്രമിച്ച 28കാരനെ മുബൈ പൊലീസ് രക്ഷപ്പെടുത്തി. ആത്മഹത്യ ചെയ്യാനുള്ള ഏറ്റവും മികച്ച മാര്‍ഗം എന്താണെന്ന് അന്വേഷിച്ച് പലതവണ 28കാരന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തുവെന്ന ഇൻര്‍പോളിന്‍റെ മുന്നറിയിപ്പിനെതുടര്‍ന്നാണ് മുബൈ പോലീസിന്‍റെ സമയോചിതമായ ഇടപെടല്‍. മുബൈയിലെ മല്‍വാനിയില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശിയായ 28കാരനെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഇന്‍റര്‍പോള്‍ നല്‍കിയ 28കാരന്‍റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് 28കാരന്‍ ജീവനൊടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് ഇൻര്‍പോള്‍ മുബൈ പൊലീസിന് കൈമാറുന്നത്. തുടര്‍ന്ന് മുബൈ പൊലീസിന്‍റെ ക്രൈം ബ്രാഞ്ച് യൂനിറ്റ്-11 ആണ് സ്ഥലം കണ്ടെത്തി യുവാവിനെ രക്ഷപ്പെടുത്തിയത്. രണ്ടുവര്‍ഷം മുമ്പത്തെ ക്രിമിനല്‍ കേസില്‍ അറസ്റ്റിലായി മുബൈ ജയിലിലുള്ള അമ്മയെ പുറത്തിറക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമത്തിലാണ് യുവാവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. നേരത്തെ താനെ ജില്ലയിലെ മിറ റോഡ് മേഖലയിലാണ് യുവാവ് ബന്ധുക്കള്‍ക്കൊപ്പം കഴിഞ്ഞ‌ിരുന്നതെന്നും പിന്നീട് മല്‍വാനിയിലേക്ക് യുവാവ് ഒറ്റക്ക് താമസം മാറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ആറുമാസമായി യുവാവിന് ജോലിയുമുണ്ടായിരുന്നില്ല. അമ്മയെ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ കഴിയാത്തതില്‍ വലിയ മാനസിക വിഷമത്തിലായിരുന്നു യുവാവെന്നും ഇങ്ങനെയാണ് ജീവനൊടുക്കുന്നതിനെക്കുറിച്ചുള്ള ചിന്തയുണ്ടാകുന്നതെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് ആത്മഹത്യ ചെയ്യാനുള്ള ഏറ്റവും മികച്ച വഴികള്‍ ഏതാണെന്നറിയാന്‍ ഗൂഗിളില്‍ യുവാവ് സെര്‍ച്ച് ചെയ്യുകയായിരുന്നു.

ആത്മഹത്യക്കുള്ള മികച്ച മാര്‍ഗം എന്ന് ഇംഗ്ലീഷില്‍ നിരവധി തവണയാണ് യുവാവ് സെര്‍ച്ച് ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഗൂഗിള്‍ സെര്‍ച്ചില്‍ ഇത്തരത്തില്‍ പലതവണ ഒരെ സെര്‍വറില്‍നിന്ന് ആത്മഹത്യാ മാര്‍ഗങ്ങളെക്കുറിച്ച് തിരുയുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ട ഇൻര്‍പോള്‍ യുവാവിന്‍റെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ എടുത്തുശേഷം വിവരം ഇമെയിലായി മുബൈ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലോക്കേഷന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ യുവാവ് താമസിക്കുന്ന സ്ഥലത്തെത്തി. പൊലീസെത്തി യുവാവിനെ കൂട്ടികൊണ്ടുപോയി കൗണ്‍സലിങും നല്‍കി. ആത്മഹത്യക്കൊരുങ്ങിയ കാര്യം ഉള്‍പ്പെടെ യുവാവ് പൊലീസിനോട് പറഞ്ഞു. പ്രഫഷനല്‍ കൗണ്‍സിലര്‍മാരുടെ സെഷനുശേഷം ബന്ധുക്കളുടെ വീട്ടിലേക്ക് മടങ്ങാനാണ് നിര്‍ദേശിച്ചതെന്നും അധികൃതര്‍ പറ‍ഞ്ഞു. ആഗോളതലത്തില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായും വിവിധ രാജ്യങ്ങളിലെ പൊലീസ് സേനയുമായി ഏകോപനം നടത്തുന്നതിനുള്ള രാജ്യാന്തര ഓര്‍ഗനൈസേഷനാണ് ഇൻര്‍പോള്‍ എന്ന ചുരക്കപേരില്‍ അറിയപ്പെടുന്ന ഇൻര്‍നാഷനല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍.