ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി. വധശ്രമക്കേസില്‍ കുറ്റക്കാരനാണെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് മുഹമ്മദ് ഫൈസലിന് എം പി സ്ഥാനം നഷ്മാകുന്നത്. ഇത് രണ്ടാം തവണയാണ് മുഹമ്മദ് ഫൈസല്‍ എം പി സ്ഥാനത്തിന് അയോഗ്യനാകുന്നത്.
വധശ്രമക്കേസില്‍ ഫൈസലിന്റെ പത്തുവര്‍ഷത്തെ ശിക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റക്കാര്‍ തന്നെയെന്നും നിരീക്ഷിച്ചുകൊണ്ടാണ് ശിക്ഷ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചത്. പത്തുവര്‍ഷത്തെ ശിക്ഷ മരവിപ്പിച്ചതോടെ മുഹമ്മദ് ഫൈസലടക്കം നാലുപ്രതികള്‍ക്കും തല്‍ക്കാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ട. കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെതിരായ വധശ്രമക്കേസില്‍ പത്തുവര്‍ഷത്തെ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ശിക്ഷ നടപടി മരവിപ്പിച്ചിരുന്നത്.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസില്‍ 2023 ജനുവരി 11ന് കവരത്തി സെഷന്‍സ് കോടതി മുഹമ്മദ് ഫൈസല്‍ എംപിയെ പത്ത് വര്‍ഷം തടവിന് ശിക്ഷിക്കുകയും ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്യുകയായിരുന്നു.