ദില്ലി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ് നല്‍കി ഐടി മന്ത്രാലയം.
ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയല്‍ (CSAM) – അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ എക്സ്, യൂട്യൂബ് ടെലിഗ്രാം എന്നിവയ്ക്കാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം നോട്ടീസ് നല്‍കിയിട്ടുള്ളത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന തരത്തിലുള്ള ഉള്ളടക്കം ഈ പ്ലാറ്റ്‌ഫോമുകളിലുണ്ടെങ്കില്‍ അവ സ്‌ഥിരമായി നീക്കം ചെയ്യണമെന്നും അവയിലേക്കുള്ള പ്രവേശനം അടിയന്തിരമായി പ്രവര്‍ത്തനരഹിതമാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാവിയില്‍ ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനുള്ള മുൻകരുതലുകള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും അത് സംബന്ധിച്ച വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നോട്ടീസ് ഓര്‍മ്മപ്പെടുത്തുന്നു. പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നത് 2021ലെ ഐടി നിയമങ്ങളുടെ റൂള്‍ 3(1)(ബി), റൂള്‍ 4(4) എന്നിവയുടെ ലംഘനമായി കണക്കാക്കും. നോട്ടീസുകള്‍ പാലിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഐടി നിയമത്തിലെ വകുപ്പ് 79 പ്രകാരം നിലവില്‍ ഇന്‍റര്‍നെറ്റ് ഇടനില പ്ലാറ്റുഫോമുകള്‍ക്ക് ലഭിച്ചു വരുന്ന പരിരക്ഷ (സേഫ് ഹാര്‍ബര്‍ പ്രൊട്ടക്ഷൻ) മാറ്റുമെന്നും മന്ത്രാലയം മൂന്ന് സോഷ്യല്‍ മീഡിയ ഇടനിലക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി.
<span;>നിലവില്‍ നിയമപരമായ ബാധ്യതയില്‍ നിന്ന് സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളെ സംരക്ഷിക്കുന്ന നിയമമാണിത്. “എക്‌സ്, യുട്യൂബ്, ടെലിഗ്രാം എന്നിവയുടെ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടാനിടയുള്ള ഉള്ളടക്കം നിലവിലില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. രാജ്യത്തെ ഐടി നിയമങ്ങള്‍ക്ക് കീഴില്‍ സുരക്ഷിതവും വിശ്വസനീയവുമായ ഇന്‍റര്‍നെറ്റ് ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമാണത്” – കേന്ദ്ര ഇലക്‌ട്രോണിക്സ് ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
ഇന്‍റര്‍നെറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ള ഉള്ളടക്കം നീക്കം ചെയ്യുമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഐടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം നിലവില്‍ അവര്‍ക്കു ലഭിച്ചു വരുന്ന സംരക്ഷണം പിൻവലിക്കുകയും ഇന്ത്യൻ നിയമപ്രകാരമുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതുള്‍പ്പെടെയുള്ള അശ്ലീല ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ ചട്ടക്കൂട് ഉറപ്പു വരുത്തുന്നതാണ് ഇൻഫര്‍മേഷൻ ടെക്‌നോളജി നിയമം. നിയമത്തിലെ 66ഇ, 67, 67എ, 67ബി എന്നീ വകുപ്പുകള്‍ അശ്ലീല ഉള്ളടക്കം ഓണ്‍ലൈനില്‍ പ്രക്ഷേപണം ചെയ്യുന്നവര്‍ക്ക് കര്‍ശനമായ പിഴയും നിയമനടപടികളും ഉറപ്പുവരുത്തുന്നുമുണ്ട്.