രാഹുലിനെതിരായ രാവണന്‍ പരാമര്‍ശത്തില്‍ പ്രതിഷേധം,ബിജെപി ഓഫീസുകളിലേക്ക് മാര്‍ച്ച്‌ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

ദില്ലി:രാഹുല്‍ ഗാന്ധിക്കെതിരായ രാവണൻ പരാമര്‍ശത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്സ്.

ബിജെപി ഓഫീസുകളിലേക്ക് ഡിസിസികളുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ്സ് തീരുമാനം. കഴിഞ്ഞ ദിവസം പെരും നുണയൻ എന്ന അടിക്കുറിപ്പോടെ നരേന്ദ്ര മോദിയുടെ ചിത്രം കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു. ഇതിൻ്റെ മറുപടിയായാണ് ദുഷ്ട ശക്തി, ധര്‍മ വിരുദ്ധൻ, ഭാരതത്തെ തകര്‍ക്കുന്നവൻ എന്നീ പരാമര്‍ശങ്ങളോടെ പത്തു തലയുമായി നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം ബിജെപി ട്വീറ്റ് ചെയ്തത്. ഇതിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്ത് വരികയും രാഹുലിനെ ദ്രോഹിക്കാൻ ബിജെപി ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.

അതിനിടെ അമൃതസറിലെ സുവര്‍ണ ക്ഷേത്രത്തില്‍ മൂന്ന് ദിവസം തങ്ങി സേവനം ചെയ്ത് രാഹുല്‍ ഗാന്ധി. ഓപ്പറേഷൻ ബ്ളൂസ്റ്റാര്‍ ഉണ്ടാക്കിയ മുറിവുകള്‍ ഉണക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുലിൻറെ സുവര്‍ണ്ണ ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. 1984 ല്‍ പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാര്‍ കോണ്‍ഗ്രസിനും സിഖ് സമുദായത്തിനും ഇടയിലെ അകല്ചയ്ക്ക് ഇടയാക്കിയിരുന്നു. തീവ്രവാദികളെ നേരിടാൻ സ്വീകരിച്ച നടപടി ആയിരുന്നെങ്കിലും സിഖ് മത വിശ്വാസികളില്‍ ഇത് വലിയ മുറിവുണ്ടാക്കി. പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച്‌ ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം തുടര്‍ച്ചയായി രാഹുല്‍ ഗാന്ധി പഞ്ചാബില്‍ തങ്ങിയത്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുറിവുകള്‍ ഉണക്കാനും ബിജെപിക്കെതിരെ പഞ്ചാബിലുള്ള വികാരം പ്രയോജനപ്പെടുത്താനുമാണ് രാഹുലിൻറെ നീക്കം. സ്ഥലം എംപി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയാണ് രാഹുല്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ സേവനത്തിന് എത്തിയത്. ഭാരത് ജോഡോ യാത്രയ്ക്കു രാഹുല്‍ സമൂഹത്തിൻറെ വിവിധ വിഭാഗങ്ങളിലേക്കിറങ്ങി ചെല്ലാൻ നടത്തുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണിത്. രാഹുലിൻറെ സന്ദര്‍ശനത്തെ ബിജെപി പരിഹസിച്ചു. മുത്തശ്ശി വെടിയുണ്ടകള്‍ ഉതിര്‍ക്കാൻ ഉത്തരവിട്ടപ്പോള്‍ കൊച്ചുമകൻ സേവ ചെയ്യുന്നുവെന്നും ഇതാണോ സ്നേഹത്തിന്‍റെ കട എന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.