ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍…

രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയില്‍ ലംബമായി ചെലുത്തുന്ന മര്‍ദമാണ് രക്തസമ്മര്‍ദ്ദം അഥവാ ബ്ലഡ്പ്രഷര്‍.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. അതുപോലെ വൃക്ക തകരാറിലാകാനും കണ്ണുകളിലേക്കുള്ള രക്തധമനികള്‍ കേടുവരാനും സാധ്യതയുണ്ട്. മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാം. അപകടകരമായ അളവില്‍ രക്തസമ്മര്‍ദ്ദമുണ്ടാകുമ്ബോള്‍ വൈദ്യസഹായവും മരുന്നും അത്യാവശ്യമാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം കാലുകളിലേയ്ക്കും കൈകളിലേയ്ക്കുമുള്ള സുഗമമായ രക്തപ്രവാഹം തടസപ്പെടാനുള്ള സാധ്യത ഏറെയാണ്. നടക്കുമ്ബോള്‍ കാലുവേദന, തണുത്ത കൈകാലുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതുമൂലം ഉണ്ടാകാം. കാല്‍പത്തിക്ക് ചുവപ്പോ നീലയോ നിറം, കാലുകളില്‍ മരവിപ്പ്, കാലുകളിലെ രോമം കൊഴിഞ്ഞ് പോകല്‍ തുടങ്ങിയവയും ഉണ്ടാകാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ഭൂരിഭാഗം ആളുകള്‍ക്കും തലവേദന വരാനുള്ള സാധ്യത കൂടുതലാണ്. മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടാകുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് വിദഗ്ധര്‍ പറയുന്നത്.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക. ഉദാസീനമായ ജീവിതശൈലിയും ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. അതിനാല്‍ പതിവായി വ്യായാമം ചെയ്യുക.

രണ്ട്…

പുകവലിക്കുന്നതിലൂടെയും രക്തസമ്മര്‍ദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായുള്ള പുകവലി ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാൻസര്‍ പോലുള്ള അസുഖങ്ങള്‍ പിടിപെടുന്നതിനും കാരണമാകുന്നു. അതിനാല്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക.

മൂന്ന്…

മദ്യപാനവും പരമാവധി കുറയ്ക്കുക. മദ്യപിക്കുമ്ബോള്‍ രക്തസമ്മര്‍ദ്ദം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ മദ്യപാനത്തിലും നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുക.

നാല്…

സ്‌ട്രെസ് ആണ് രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുന്ന മറ്റൊരു പ്രശ്‌നം. അതിനാല്‍ യോഗ, ധ്യാനം, വിനോദം, ക്രിയാത്മക ചിന്ത തുടങ്ങിയ വഴികളിലൂടെ സ്ട്രെസ് കുറയ്ക്കാന്‍ നോക്കുക.

അഞ്ച്…

ഉപ്പ് അമിതമായാല്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക. അമിതമായി ഉപ്പ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകും.

രക്തസമ്മര്‍ദ്ദമുള്ളവര്‍ ഉപ്പ് അധികം കഴിക്കരുതെന്നാണ് നല്ലത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമില്‍ താഴെ ആയിരിക്കുവാനും ശ്രദ്ധിക്കുക.

ആറ്…

ശരീരഭാരം കൂടാതെയും നോക്കുക. ശരീരഭാരം കൂടുന്നത് പലപ്പോഴും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കുക. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും അതാണ് നല്ലത്.

ഏഴ്…

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. എണ്ണയില്‍ വറുത്ത വസ്തുക്കള്‍, റെഡ് മീറ്റ്, ബേക്കറി സാധനങ്ങള്‍, മായം കലര്‍ന്ന വസ്തുക്കള്‍, അച്ചാറുകള്‍ തുടങ്ങിയവയുടെ ഉപയോഗം കുറച്ച്‌, പഴങ്ങളും പച്ചക്കറികളും കൂടുതലുള്ള ആഹാരം ശീലമാക്കുക.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.