കൊച്ചി : കേരളത്തിന്റെ തനി വാറ്റുചാരായത്തെ അങ്ങ് കാനഡയില്‍ ഹിറ്റാക്കിയിരിക്കുകയാണ് രണ്ട് മലയാളി യുവാക്കള്‍. ‘വിദേശ നാടൻ മദ്യം’ എന്നും ഇതിനെ പറയാം.
കൊച്ചി വടുതല സ്വദേശി സജീഷ് ജോസഫ്, വൈക്കം സ്വദേശി അജിത് പത്മകുമാര്‍ എന്നിവരാണ് കടുവ എന്നര്‍ഥം വരുന്ന ‘ടൈക’ ബ്രാൻഡില്‍ കേരളത്തിന്റെ വാറ്റ് ചാരായത്തെ കാനഡയുടെ മണ്ണില്‍ പുതിയ ബ്രാൻഡ് ആക്കിയത്.
ടൈക എന്ന പേരിനൊപ്പം ആര്‍ട്ടിസനല്‍ അറാക്ക് എന്ന് ഇംഗ്ലിഷിലും ‘നാടൻ ചാരായം’ എന്നു മലയാളത്തിലും ചേര്‍ത്താണു ലേബലിങ്. സംഭവം തനി നടൻ തന്നെയാണ്, കുപ്പിയുടെ മറു വശത്ത് കേരളത്തിന്റെ നാടൻ കാഴ്ചകള്‍ കൃത്യമായി ഉണ്ട്. മലനിരകളും ആനയും പഴയ കെഎസ്‌ആര്‍ടിസി ബസും തെങ്ങുമെല്ലാം കുപ്പിയുടെ മറുപുറത്ത് ഇടംപിടിച്ചു. ഒരു കുപ്പിയില്‍ 750 മില്ലി മദ്യമാണ് ഉള്ളത്. ഇത് ഓണ്‍ലൈൻ വഴിയും, കാനഡയിലെ ഒന്റാരിയോയിലുള്ള ഡിസ്റ്റിലറി വഴിയും വില്‍പ്പന നടത്തുന്നുണ്ട്.
മുത്തച്ഛൻ പറഞ്ഞിരുന്ന വാറ്റുചാരായത്തിന്റെ കൂട്ട് കണ്ടെത്തി സജീഷാണ് കോവിഡ് കാലത്തു കാനഡയില്‍ ഈ പരീക്ഷണത്തിനു തുടക്കമിട്ടത്.ഷെഫ് ആയ സജീഷിന്റെ അനുഭവസമ്ബത്തും ഐടി പ്രഫഷനലുമായ അജിത്തിന്റെ ബിസിനസ് പരിചയവും കൂടി ചേര്‍ന്നതോടെ മലയാളികളുടെ വാറ്റ് ചാരായം കാനഡയില്‍ വൻ ഹിറ്റായി മാറി.
സര്‍ക്കാര്‍ അനുമതികള്‍ നേടി ഡിസ്റ്റിലറി പാട്ടത്തിനെടുത്താണു നിര്‍മാണം. 46 ശതമാനമാണ് ടൈകയിലെ ആല്‍ക്കഹോള്‍ അളവ്. കാനഡയില്‍ തുടക്കം കുറിച്ച ഈ ബ്രാൻഡിനെ ലോകോത്തര നിലവാരത്തില്‍ എത്തിക്കുക എന്നതാണ് ഈ യുവാക്കളുടെ ലക്ഷ്യം. വ്യാപാര വിപുലീകരണത്തിന്റെ ഭാഗമായി ലിക്കര്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫ് ഒന്റാരിയോ (എല്‍സിബിഒ) സ്റ്റോറുകളില്‍ ടൈക ലഭ്യമാക്കാനും കാനഡയിലെ റസ്റ്ററന്റുകളുമായി പങ്കാളിത്തം സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിനൊപ്പം ഇത് നമ്മുടെ കേരളത്തിലേക്ക് കയറ്റുമതി ചെയ്യുവാനും ഈ യുവ സംരംഭകര്‍ ലക്ഷ്യമിടുന്നുണ്ട്.