വയലാര്‍ അവാര്‍ഡ് ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്ബിക്ക്. ശ്രീകുമാരൻ തമ്പിയുടെ ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് അവാര്‍ഡ്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. 47ാമത് വയലാര്‍ അവാര്‍ഡ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വയലാര്‍ രാമവര്‍മയുടെ ചരമവാര്‍ഷിക ദിനമായ 27ന് പുരസ്കാരം സമ്മാനിക്കും.

ആയിരക്കണക്കിന് സിനിമകള്‍ക്ക് പാട്ടുകള്‍ എഴുതിയതിനു പുറമേ 85 സിനിമകള്‍ക്ക് തിരക്കഥയും എഴുതി. പ്രേം നസീര്‍ എന്ന പ്രേമഗാനം എന്ന കൃതിയുടെ രചയിതാവാണ്. തിരക്കഥാകൃത്ത്, ചലച്ചിത്ര നിര്‍മാതാവ്, സംവിധായകൻ, സംഗീതജ്ഞൻ എന്നീ നിലകളിലും പ്രശസ്തനാണ് ശ്രീകുമാരൻ തമ്ബി. മലയാള സിനിമക്ക് നല്‍കിയ സമഗ്രസംഭാവനകളെ മുൻനിര്‍ത്തി കേരള സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1940 മാര്‍ച്ച്‌ 16ന് ആലപ്പുഴ ജില്ലയിലാണ് ജനനം.