കറങ്ങാൻ കൂട്ടിന് ഇനി ഇവികൾ, മാഡ്രിഡ് താരങ്ങൾക്ക് 1.58 കോടിയുടെ ലക്ഷ്വറി കാറുകൾ സമ്മാനിച്ച് ബിഎംഡബ്ല്യു

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഫാൻബേസുള്ള ഫുട്ബോൾ ക്ലബുകളിൽ ഒന്നാണ് റയൽ മാഡ്രിഡ്. പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലാത്ത പേരാണിത്. ഡേവിഡ് ബെക്കാം, സിനദിൻ സാദാൻ, റോബർട്ടോ കാലർലോസ്, കക്ക, ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസിമ, ഗരേത് ബെയ്ൽ, സെർജിയോ റാമോസ്, ഐകർ കസിയസ് പോലുള് വമ്പൻ താരനിരകളാൽ എപ്പോഴും സമ്പന്നരായ റയൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയ ക്ലബ് കൂടിയാണ്.
കേരളത്തിലും വലിയ ഫാൻഫോളോയിംഗുള്ള ടീമിൽ ഇപ്പോൾ കൂടുതലും നിലവിലെ യുവതലമുറയാണ് ഭരിക്കുന്നത്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവുമായി ഒരു പ്രത്യേക പങ്കാളിത്തത്തിൽ എത്തിയിരിക്കുകയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബുകളിൽ ഒന്നായ റയൽ മാഡ്രിഡ്. ക്ലബിലെ കളിക്കാരും സ്റ്റാഫും തങ്ങളുടെ ഇനിയുള്ള യാത്രകൾക്കായി ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളിലേക്ക് പരിവർത്തനം ചെയ്‌തിരിക്കുകയാണിപ്പോൾ.
ബിഎംഡബ്ല്യുവിന്റെ ഇവികളിലേക്കാണ് ക്ലബ് പൂർണമായും ചുവടുവെച്ചിരിക്കുന്നത്. ഈ സ്പോൺസർഷിപ്പ് കരാറിന് അനുസൃതമായി മുഴുവൻ റയൽ മാഡ്രിഡ് പ്ലേയിംഗ് സ്ക്വാഡിനും സ്റ്റാഫിനും iX, i4 എന്നിവ ഉൾപ്പെടുന്ന ആഡംബര കാർ ശ്രേണിയിൽ നിന്ന് അവരവർക്ക് ഇഷ്ടപ്പെട്ട ബിഎംഡബ്ല്യു ഇലക്ട്രിക് മോഡൽ തെരഞ്ഞെടുക്കാനുള്ള അവസരവും ഇതിനൊപ്പം ലഭിക്കുകയുണ്ടായി. കാറുകൾ മാത്രമല്ല, ഇതിൽ ഇഷ്‌ടപ്പെട്ട നിറങ്ങളും സ്വന്തമാക്കാൻ കമ്പനി അവസരം നൽകുകയുണ്ടായി എന്നതാണ് സത്യം.
ജൂഡ് ബെല്ലിംഗ്ഹാം, വിനീഷ്യസ് ജൂനിയർ, ക്ലബ് മാനേജർ കാർലോ ആഞ്ചലോട്ടി തുടങ്ങിയവർ ഉൾപ്പെടെ ക്ലബ്ബിനുള്ളിലെ പ്രമുഖ വ്യക്തികൾ പുതുതായി വാങ്ങിയ ഇലക്ട്രിക് കാറുകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ട്രെൻഡാണ് സൃഷ്‌ടിക്കുന്നത്. ഇതാദ്യമായാണ് ഒരു ഫുട്ബോൾ ക്ലബ് പൂർണമായും ഉലക്ട്രിക് വാഹനത്തിലേക്ക് മാറുന്നത്. എല്ലാ താരങ്ങളും വ്യത്യസ്‌ത മോഡലുകളാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ബിഎംഡബ്ല്യു i4 M50, പുതിയ ബിഎംഡബ്ല്യു i4 eDrive35, ആദ്യത്തെ ബിഎംഡബ്ല്യു XM, ബിഎംഡബ്ല്യു iX M60, ബിഎംഡബ്ല്യു iX xDrive50 തുടങ്ങിയ മോഡലുകളാണ് കൂടുതൽ താരങ്ങളും തങ്ങളുടെ യാത്രകൾക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ സീസണിലെ ഗലാറ്റിക്കോ സൈനിംഗായ ജൂഡ് ബെല്ലിംഗ്ഹാം കാർബൺ ബ്ലാക്ക് നിറത്തിലുള്ള ബിഎംഡബ്ല്യു XM എസ്‌യുവിയാണ് കൂടെക്കൂട്ടിയിരിക്കുന്നത്. അതേസമയം കൂടുതൽ ആളുകളും ജർമൻ ബ്രാൻഡിന്റെ i4 സെഡാനാണ് തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമായിട്ടുണ്ട്.
ഏഴ് താരങ്ങളാണ് ഈ കാറിനായി മുന്നോട്ടുവന്നിരിക്കുന്നത്. ക്ലബ് നായകൻ നാച്ചോയും പരിശീലകൻ ആഞ്ചലോട്ടിയും i7 ഇലക്‌ട്രിക് കാറാണ് വാങ്ങിയത്. മുൻ ബാലൺ ഡി ഓർ വിജയി ലൂക്കാ മോഡ്രിച്ച് iX M60 തെരഞ്ഞെടുത്തപ്പോൾ സ്പാനിഷ് ക്ലബിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ ഔറേലിയൻ ചൌമേനി i4 eDrive35 കാറാണ് വാങ്ങിയത്. വിനിഷ്യസ് ജൂനിയർ, ടോണി ക്രൂസ്, അന്റോണിയോ റൂഡിഗർ തുടങ്ങിയ മറ്റ് കളിക്കാർ iX xDrive50 തെരഞ്ഞെടുക്കുകയും ചെയ്‌തു.
കാർലോ ആഞ്ചലോട്ടി i4 ഇവിക്കു വേണ്ടി ബിഎംഡബ്ല്യു ഇൻഡിവിജുവൽ കാറ്റലോഗിൽ നിന്ന് ഒരു കസ്റ്റമൈസ് നിറത്തിലാണ് കാർ ആവശ്യപ്പെട്ടത്. തങ്ങളുടെ കാറുകൾക്കും മോഡ്രിച്ചും കാമവിംഗയും ഇതേ നിറമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. i7 സെഡാൻ നാച്ചോയ്ക്കും ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിനും മാത്രമായി നൽകിയിട്ടുണ്ട്. ബെല്ലിംഗ്ഹാമിന് പുറമെ തിബോ കോർട്ടോയിസ്, കെപ അരിസബലാഗ, ഡാനി കാർവഹാൽ, സെബയ്യോസ്, ഗൂലർ, ഹൊസെലു, റോഡ്രിഗോ എന്നിവരുൾപ്പെടെയുള്ള മിക്ക കളിക്കാരും XM ആണ് സ്വന്തമാക്കിയത്.
ഈ ബിഎംഡബ്ല്യു ഇലക്ട്രിക് വാഹനങ്ങൾ അഞ്ചാം തലമുറ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. മോഡലിനെ ആശ്രയിച്ച് WLTP സൈക്കിളിൽ 80 മുതൽ 110 കിലോമീറ്റർ വരെ പൂർണ ഇലക്ട്രിക് മോഡിൽ സഞ്ചരിക്കാൻ മോഡലുകൾ പ്രാപ്‌തമാണെന്നും കമ്പനി പറയുന്നു. താരങ്ങളുടെ വസതികളിലും മാഡ്രിഡ് സിറ്റിയിലും ചാർജിംഗ് സൗകര്യങ്ങൾ ഉള്ളതിനാൽ കളിക്കാരുടെ ദൈനംദിന യാത്രകൾക്ക് ഈ ഇലക്ട്രിക് ലക്ഷ്വറി കാറുകൾ അവരെ അനുയോജ്യമാക്കുന്നു.
മാത്രമല്ല, രാജ്യത്തിന്റെ കാർബൺ ന്യൂട്രാലിക്ക് ഇതൊരു പുതിയ ഉത്തേജനമാവുമെന്നുമാണ് വിലയിരുത്തൽ. ഈ സീസണിലേക്ക് മാത്രമായാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിവരം. ഇത് അത്യാധുനിക സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ഹൈ പെർഫോമൻസും സുസ്ഥിരവുമായ മോഡലുകളാണെന്നതിനാൽ മറ്റ് ക്ലബുകൾക്കും ഇത് മാതൃകയാക്കാവുന്നതാണ്. നിലവിൽ 57,000 യൂറോ വിലയുള്ള i4 eDrive35 ഇലക്ട്രിക്കാണ് ഇതിലെ ഏറ്റവും താങ്ങാനാവുന്ന കാർ. അതേസമയം ഏറ്റവും ചെലവേറിയത് പ്ലഗ്-ഇൻ ഹൈബ്രിഡ് XM ആണ്. ഇതിന് ഏകദേശം 180,000 യൂറോ വിലവരും.