ബലാത്സംഗ ഇരയുടെ 29 ആഴ്ച പ്രായമുള്ള ഗര്‍ഭം നീക്കംചെയ്യാൻ കോടതിയുടെ അനുമതി

മുംബൈ: ബലാത്സംഗത്തിന് ഇരയായ ശാരീരിക, ബുദ്ധി വൈകല്യമുള്ള 25 കാരിക്ക് 29 ആഴ്ച പ്രായമുള്ള ഗര്‍ഭം നീക്കംചെയ്യാൻ ബോംബെ ഹൈകോടതി അനുമതി നല്‍കി.

മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ രേവതി മൊഹിതേ ദരെ, ഗൗരി ഗോദ്സെ എന്നിവരുടെ ബെഞ്ച് അനുമതി നല്‍കിയത്. മകളുടെ വൈകല്യം ചൂണ്ടിക്കാട്ടി ഗര്‍ഭം നീക്കംചെയ്യാൻ അനുമതി തേടി പിതാവ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

കോടതി നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ ബോര്‍ഡ് 25കാരിയുടെ ആരോഗ്യനില പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയത്. 50 ശതമാനം ശാരീരിക, ബുദ്ധി വൈകല്യമുള്ള 25 കാരിക്ക് കുഞ്ഞിനെ പരിപാലിക്കാൻ കഴിയില്ലെന്നും കുഞ്ഞിന് ജന്മം നല്‍കുന്നത് മാനസിക പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രസവം 25 കാരിയുടെ ആരോഗ്യത്തെ ബാധിച്ചേക്കുമെന്നുമാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.

കോലാപൂരിലെ ഛത്രപതി പ്രമീളതായ് രാജെ ആശുപത്രിയിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ വെച്ച്‌ ഗര്‍ഭം നീക്കണമെന്ന് പറഞ്ഞ കോടതി അഥവാ ജീവനുള്ള കുഞ്ഞ് ജനിച്ചാല്‍ ആ കുഞ്ഞിന്റെ ഉത്തരവാദിത്തം മഹാരാഷ്ട്ര സര്‍ക്കാറിനാണെന്നും കോടതി വ്യക്തമാക്കി.