ആ സ്‌കൂളിന് ദിവസവാടക 2 ലക്ഷം, സിനിമയ്ക്കാവശ്യമുള്ളതെല്ലാം മടിയില്ലാതെ എത്തിച്ച പി.വി.ജി

സിനിമ ആവശ്യപ്പെടുന്നതെല്ലാം എത്തിക്കേണ്ടത് നിര്‍മാതാവിന്റെ കര്‍ത്തവ്യമാണെന്നും, അതില്‍ ലാഭം നോക്കേണ്ടതില്ലെന്നും ഉറച്ച്‌ വിശ്വസിച്ച വ്യക്തിയായിരുന്നു പി.വി.

ഗംഗാധരൻ. നവാഗത സംവിധായകര്‍ക്കും, കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കും അദ്ദേഹം എക്കാലവും പ്രാമുഖ്യം നല്‍കി. നവാഗത സംവിധായകൻ, പുതുമുഖ അഭിനേതാക്കള്‍, റിസ്കി പ്രമേയം ഒക്കെയായിട്ടും തനിക്കൊപ്പം നിന്ന നിര്‍മ്മാതാവാണ് പി.വി. ഗംഗാധരനെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം നോട്ട്ബുക്ക് നിര്‍മിച്ചത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസായിരുന്നു.

‘ഉദയനാണ് താരം എന്ന ആദ്യ സിനിമ വിജയമായതോടെ രണ്ടാമത്തെ ചിത്രം പുതുമുഖങ്ങളെ വെച്ച്‌ ചെയ്യണമെന്ന് തീരുമാനിച്ചതിന്റെ ഭാഗമായാണ് ബോബി-സഞ്ജയ് തിരക്കഥയില്‍ നോട്ട്ബുക്ക് സിനിമയെടുക്കുന്നത്. സാബുചെറിയാനാണ് എനിക്ക് പി.വി.ജിയെ പരിചയപ്പെടുത്തുന്നത്. ഭാര്യയും മക്കളും കൊച്ചുമക്കളുമൊക്കെയായി കുടുംബത്തോടെയിരുന്ന് സിനിമയുടെ കഥ കേള്‍ക്കുന്ന ഒരു നിര്‍മ്മാതാവിനെ അന്നാദ്യമായാണ് ഞാൻ കാണുന്നത്’ – റോഷൻ ആൻഡ്രൂസ് ഓര്‍ക്കുന്നു.

നോട്ട്ബുക്ക് സിനിമ വലിയവിജയമാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനും പി.വി.ജിയ്ക്കും അവകാശപ്പെട്ടതാണെന്ന് റോഷൻ ആൻഡ്രൂസ് പറഞ്ഞു. ‘2007-ല്‍ ആണ് സിനിമ ചെയ്യുന്നത്. നോട്ട്ബുക്കില്‍ ചിത്രീകരിച്ച ആ സ്കൂള്‍ കിട്ടാൻ നല്ല പ്രയാസമായിരുന്നു. ഒറ്റ ദിവസത്തേക്ക് രണ്ട് ലക്ഷത്തോളം രൂപ വാടകയും. പക്ഷേ, സിനിമയുടെ പ്രധാനഭാഗം നടക്കുന്നതത്രയും അവിടെയാണ്. അത് പി.വി.ജി സര്‍ കൃത്യമായി മനസിലാക്കുകയും ആ സ്കൂള്‍ ലഭ്യമാക്കുകയും ചെയ്തു. സിനിമയ്ക്കാവശ്യമുള്ളതെല്ലാം യാതൊരു മടിയുമില്ലാതെ ചെയ്തുതരുന്ന നിര്‍മ്മാതാവായിരുന്നു അദ്ദേഹം.ഗൃഹലക്ഷ്മി എന്ന പേര് സ്ക്രീനില്‍ തെളിയുമ്ബോള്‍ പോലും സന്തോഷമാണ് ‘ -റോഷൻ ആൻഡ്രൂസ് പറഞ്ഞു.

‘രണ്ടാമത്തെ ചിത്രം തന്നെ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനൊപ്പം ചെയ്യാൻ സാധിച്ചു എന്നത് എന്നെ സംബന്ധിച്ച്‌ ഭാഗ്യമാണ്. എന്റേ ഓരോ ചിത്രം പുറത്തിറങ്ങുമ്ബോഴും പുരസ്കാരങ്ങള്‍ ലഭിക്കുമ്ബോഴും മുടങ്ങാതെ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വിവാഹമടക്കം എന്റെ കുടുംബകാര്യങ്ങളിലും എപ്പോഴും കൂടെയുണ്ടായിരുന്നു ഒരു വ്യക്തികൂടിയായിരുന്നു അദ്ദേഹം’. പുതുമുഖ സംവിധായകന് നല്‍കേണ്ട എല്ലാ പിന്തുണയും നല്‍കുന്ന നിര്‍മാതാവായിരുന്നു പി.വി. ഗംഗാധരനെന്നും അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും റോഷൻ ആൻഡ്രൂസ് അനുസ്മരിച്ചു.