ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകൻ കെഎസ് സച്ചിദാനന്ദ മൂർത്തി അന്തരിച്ചു. മലയാള മനോരമ ദില്ല മുൻ റസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹം ദില്ലിയിൽ ഏറ്റവും ആദരണീയരായ മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു. 1982 ൽ ദ് വീക്കിന്റെ ബെംഗളൂരു റിപ്പോർട്ടറായാണ് അദ്ദേഹം മലയാള മനോരമയിൽ മാധ്യമപ്രവർത്തനം ആറംഭിച്ചത്.
പിന്നീട് 2000 ത്തിൽ മലയാള മനോരമയുടെ ദില്ലി റെസിഡന്റ് എഡിറ്ററായി ചുമതലയേറ്റു. സോവിയറ്റ് യൂണിയന്റെ പതനം റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ നിന്ന് റിപ്പോർട്ട് ചെയ്ത അദ്ദേഹം നിരവധി തവണ ഇന്ത്യൻ പ്രധാനമന്ത്രിമാരെയും രാഷ്ട്രപതിമാരെയും വിദേശ സന്ദർശനത്തിൽ അനുഗമിത്ത മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു.
അദ്ദേഹം മലയാള മനോരമയിൽ കൈകാര്യം ചെയ്ത ദേശീയം എന്ന കോളം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ആഴത്തിലുള്ള വിശകലനങ്ങളെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. പ്രസ് കൗൺസിൽ ആൻഡ് പ്രസ് അക്രഡിറ്റേഷൻ കൗൺസിൽ അംഗം, എഡിറ്റേഴ്സ് ഗിൽഡ് സെക്രട്ടറി ജനറൽ, ലോക്‌സഭ പ്രസ് അഡ്വൈസറി കമ്മിറ്റി ചെയർമാൻ തുടങ്ങി നിരവധി പദവികൾ വഹിച്ചിരുന്നു.