മലപ്പുറത്ത് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി; അന്വേഷിച്ചപ്പോള്‍ പ്രതി ‘മിന്നല്‍ മുരളി’

മലപ്പുറം: കോണിക്കല്ലില്‍ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി. വിഗ്രഹം കൈക്കലാക്കിയ ശേഷം ചുമരില്‍ ‘മിന്നല്‍ മുരളി’ എന്ന് എഴുതിയ ശേഷമാണ് മോഷ്ടാവ് സ്ഥലം വിട്ടത്.
മൂടേപ്പുറത്ത് മുത്തൻ ക്ഷേത്രത്തിലാണ് സംഭവം. മഞ്ചേരി പൊലീസ് കേസെടുത്ത് മിന്നല്‍ മുരളിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ച്‌ കഴിഞ്ഞു.
ഇന്ന് രാവിലെയാണ് മോഷണം നടന്ന വിവരം വ്യക്തമായത്. ക്ഷേത്രത്തിന് സമീപത്തെ പറമ്ബിലെത്തിയ പരികര്‍മിയാണ് ക്ഷേത്രത്തിന്റെ വാതിലുകള്‍ തുറന്ന് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രധാന ശ്രീകോവിലിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയതായി കണ്ടെത്തി. ക്ഷേത്രത്തിലെ ചുറ്റമ്ബലത്തിനുള്ളിലും മോഷ്ടാവ് കയറി. ഇവിടെ മോഷണം നടത്തിയില്ലെങ്കിലും പൂജയ്ക്കുള്ള നെയ്യുപയോഗിച്ച്‌ ചുമരില്‍ മിന്നല്‍ മുരളി എന്നെഴുതി. ഇതിന് ശേഷമാണ് കള്ളൻ സ്ഥലം വിട്ടത്.
നഷ്ടപ്പെട്ട പഞ്ചലോഹ വിഗ്രഹത്തിന് ഒരു ലക്ഷം രൂപയോളം വില വരുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ശ്രീകോവിലിനുള്ളിലെ സ്വര്‍ണമാല നഷ്ടപ്പെട്ടിട്ടില്ല. വിരലടയാള വിദഗ്ദ്ധരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ചേരി ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.