കടല്‍ കൊള്ളയെന്ന വിമര്‍ശനം നെഞ്ചില്‍ തറച്ചിട്ടും പതറിയില്ല’; ഉമ്മന്‍ ചാണ്ടിയുടെ സംഭാവന സ്മരിച്ച്‌ സതീശന്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്‍റെ വേദിയില്‍ എല്‍ഡിഎഫിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തുറന്നടിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കടല്‍ക്കൊള്ളയെന്നും ആറായിരം കോടിയുടെ അഴിമതിയെന്നും ആരോപണങ്ങള്‍ നെഞ്ചില്‍ തറച്ചിട്ടും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തളര്‍ന്നില്ല. വിഴിഞ്ഞത്തിനായി ഉറച്ചു നിന്നു. പ്രദേശവാസികളെ ചേരികളിലേക്കും സിമന്‍റ് ഗോഡൗണുകളിലേക്കും തള്ളിവിടുന്നതാകരുത് വികസനമെന്നും സതീശൻ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംഭാവന സ്മരിച്ച്‌ കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ആശംസ പ്രസംഗം. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉമ്മാന് ചാണ്ടിയെ വിസ്മരിക്കാനാകില്ല. കടല്‍ക്കൊള്ളയെന്നും 6000 കോടിയുടെ അഴിമതിയെന്നും ആരോപണം നെഞ്ചിന് നേരെ ഉയര്‍ന്നിട്ടും ഉമ്മന്‍ ചാണ്ടി പതറിയില്ല. തുറമുഖത്തിന് വേണ്ട മുഴുവൻ അനുമതിയും വാങ്ങിയെടുത്തുവെന്ന് വി ഡി സതീശന്‍ ആശംസ പ്രസംഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിപിണറായി വിജയന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

വികസനം ജനങ്ങളുടെ ഒന്നാകെയുള്ള ജീവിതം മാറ്റും. പ്രദേശവാസികളെ ചേരികളിലേക്കും ഗോഡൗണുകളിലേക്കും തള്ളിവിടുന്നതാകരുത് വികസനം. ഉമ്മൻ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 472 കോടി രൂപയാണ് തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി മാറ്റിവച്ചത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമ്ബോള്‍ ഒരാളുടെ കണ്ണീര്‍ പോലും വീഴരുത്. വികസനത്തിന്റെ ഇരകളായ എല്ലാ മനുഷ്യരെയും പുനരധിവാസിപ്പിക്കുന്നതും വികസനത്തിന്റെ ഭാഗമായി എടുത്തുകൊണ്ട് മുന്നോട് പോകണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാരിനെയും പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു.