ലഖ്നോ: ലോകകപ്പില്‍ ആസ്ട്രേലിയ-ശ്രീലങ്ക മത്സരത്തിനിടെ സ്റ്റേഡിയം മേല്‍ക്കൂരയിലെ പരസ്യ ബോര്‍ഡുകള്‍ ഗാലറിയിലേക്ക് വീണത് പരിഭ്രാന്തി പരത്തി.
യു.പി ലഖ്നോവിലെ അടല്‍ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തില്‍ ശ്രീലങ്കൻ ബാറ്റിങ് പുരോഗമിക്കവെ 43ാം ഓവറിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. മേല്‍ക്കൂരയില്‍ ഫ്രെയിം ചെയ്തുവെച്ച ഫ്ലക്സ് ബോര്‍ഡുകളാണ് കനത്ത കാറ്റിനെ തുടര്‍ന്ന് ഗാലറിയിലേക്ക് വീണത്.
ബോര്‍ഡുകള്‍ ഇളകുന്നതിന്റെയും വീഴുന്നത് കണ്ട് കാണികള്‍ അലറിവിളിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്. ആസ്ട്രേലിയൻ താരങ്ങളായ സ്റ്റീവൻ സ്മിത്തും െഗ്ലൻ മാക്സ് വെല്ലും ഇതുകണ്ട് ഭയക്കുന്നതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് അമ്ബയര്‍മാര്‍ മത്സരം അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചു. ഗാലറിയില്‍ കാണികള്‍ കുറവായതിനാലും ആളുകള്‍ ഓടിയതിനാലും പരിക്കില്ലാതെ രക്ഷപ്പെട്ടു.
മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ ഗംഭീര തുടക്കത്തിന് ശേഷം ശ്രീലങ്ക അവിശ്വസനീയമായി തകര്‍ന്നടിയുകയായിരുന്നു. പതും നിസ്സംഗയും (67 പന്തില്‍ 61), കുശാല്‍ പെരേരയും (82 പന്തില്‍ 78) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 130 പന്തില്‍ 125 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമായിരുന്നു ലങ്കയുടെ കൂട്ടത്തകര്‍ച്ച. ഒരു ഘട്ടത്തില്‍ 26.2 ഓവറില്‍ രണ്ടിന് 157 എന്ന ശക്തമായ നിലയില്‍നിന്ന് 43.3 ഓവറില്‍ 209 റണ്‍സെടുക്കുമ്ബോഴേക്കും ശ്രീലങ്കയുടെ പത്തു വിക്കറ്റും നിലംപൊത്തുകയായിരുന്നു. ഓസീസ് നിരയില്‍ ആദം സാംബ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിൻസും രണ്ട് വീതവും മാക്സ്വെല്‍ ഒന്നും വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ 15 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറി നേടിയ ഓപണര്‍ മിച്ചല്‍ മാര്‍ഷ് (52), ഡേവിഡ് വാര്‍ണര്‍ (11), സ്റ്റീവൻ സ്മിത്ത് (0) എന്നിവരാണ് പുറത്തായത്. മാര്‍നസ് ലബൂഷെയ്ൻ, ജോഷ് ഇംഗ്ലിസ് എന്നിവരാണ് ക്രീസില്‍.