എലിപ്പനിക്കെതിരെ അതിജാഗ്രത പാലിക്കണം

തിരുവനന്തപുരം: ജില്ലയില്‍ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ കളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. എലി, അണ്ണാൻ, പൂച്ച, പട്ടി, മുയല്‍, കന്നുകാലികള്‍ തുടങ്ങിയവയുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന ജലവുമായി സമ്ബര്‍ക്കം ഉണ്ടാകുന്നതും രോഗാണു കലര്‍ന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും രോഗകാരണമാകും.

വെള്ളപ്പൊക്കത്തില്‍ അകപ്പെടുന്നവര്‍-രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലിചെയ്യുന്നവര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി രോഗസാധ്യത കൂടിയവര്‍ നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണം. ഡോക്സിസൈക്ലിൻ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍നിന്നും സൗജന്യമായി ലഭിക്കും.

പനി, തലവേദന, കാലുകളിലെ പേശികളില്‍ വേദന, കണ്ണിന് മഞ്ഞ-ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കാം. രോഗം ഗുരുതരമായാല്‍ മരണം സംഭവിക്കാം.

രോഗസാധ്യത കൂടിയ ഇടങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് പനി അനുഭവപ്പെട്ടാല്‍ ഉടനടി ചികിത്സ തേടണം. അസുഖവിവരം അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക. സ്വയം ചികിത്സ പാടില്ല. പൂര്‍ണമായും വിശ്രമിക്കുക.