ദുബൈ: ആഗോള സാങ്കേതികവിദ്യ പ്രദര്‍ശനത്തില്‍ പുതിയ ആശയങ്ങളുമായി കേരളത്തില്‍നിന്ന് ഇത്തവണയെത്തിയത് 50 സ്റ്റാര്‍ട്ടപ്പുകള്‍.
കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ നേതൃത്വത്തിലാണ് ദുബൈ ഹാര്‍ബറിലെ ജൈടെക്സ് നോര്‍ത്ത് സ്റ്റാറില്‍ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. മികച്ച ഉല്‍പന്നങ്ങളുള്ള, വരുമാനമുണ്ടാക്കാൻ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളാണ് പ്രദര്‍ശനത്തില്‍ ഇടംപിടിച്ചത്. ഐ.ടി, റോബോട്ടിക്സ്, ഓഗ്മെന്‍റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഐ.ഒ.ടി, സോഫ്റ്റ്വെയര്‍, ഇ.വി തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ കേരള സ്റ്റാര്‍ട്ടപ്പുകള്‍ പരിചയപ്പെടുത്തുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് പുതിയ ഉല്‍പന്നങ്ങളെ മനസ്സിലാക്കാനുള്ള അവസരവും ബിസിനസ്, നിക്ഷേപ അവസരങ്ങളും പ്രദര്‍ശനത്തിലുണ്ട്.
ജൈടെക്സ് നോര്‍ത്ത് സ്റ്റാറില്‍ അരങ്ങേറുന്ന സൂപ്പര്‍നോവ ചലഞ്ചില്‍ എട്ട് കേരള സ്റ്റാര്‍ട്ടപ്പുകള്‍ ഇടംപിടിച്ചിട്ടുമുണ്ട്. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്ന മത്സരത്തിന്‍റെ സെമി ഫൈനലിലാണ് കേരള സ്റ്റാര്‍ട്ടപ്പുകള്‍ ഇടംപിടിച്ചത്.
ജെൻറോബോട്ടിക്സ്, ബ്രെയ്ൻവയേഡ്, ഹൈപ്പര്‍കോഷ്വന്‍റ്, അകൂട്രോ ടെക്നോളജീസ്, ഐറോവ്, നോവല്‍ സസ്റ്റയ്നബിലിറ്റി, ടുട്ടിഫ്രൂട്ടി, എസ്ട്രോടെക്ക് എന്നിവയാണ് സെമിയില്‍ എത്തിയ സംരംഭങ്ങള്‍. കേരള സ്റ്റാര്‍ട്ടപ് മിഷൻ പവിലിയൻ ഉദ്ഘാടനം തിങ്കളാഴ്ച നടന്ന ചടങ്ങില്‍ ഡോ. കെ.പി. ഹുസൈനാണ് നിര്‍വഹിച്ചത്.