അക്കൗണ്ടുകളിൽ നിന്നും പണം തട്ടാനാകില്ല; ആധാർ കാർഡ് ലോക്ക് ചെയ്യാം

രാജ്യത്ത് ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ടതും മൂല്യവത്തായതുമായ രേഖകളിൽ ഒന്നാണ് ഇന്ന് ആധാർ കാർഡ്. മൊബൈൽ നമ്പർ, പാൻ കാർഡ് തുടങ്ങിയവയുമായി ആധാർ കാർഡ് ലിങ്ക് ചെയ്തിരിക്കുന്നതിനാൽ സാമ്പത്തിക തട്ടിപ്പിനുള്ള സാധ്യതയും ഏറെയാണ്. ഈ പ്രശ്നം ഒഴിവാക്കുന്നതിനായി, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരു പ്രത്യേക ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്.

ആധാർ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവർ ആധാർ നമ്പർ, ബാങ്കിന്റെ പേര്, വിരലടയാളം എന്നിവ തട്ടിപ്പിന് ഉപയോഗിക്കുന്നു. ഈ തട്ടിപ്പിൽ ഒടിപി ആവശ്യമില്ല. ഏറ്റവും വലിയ തിരിച്ചടി എന്താണെന്നുവെച്ചാൽ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുന്നതിനെക്കുറിച്ച് ഒരു എസ്എംഎസ് പോലും ലഭിക്കില്ല എന്നുള്ളതാണ്. ആധാർ വിവരങ്ങൾ പങ്കിടുന്നത് സുരക്ഷിതമായ ഇടങ്ങളിലല്ലെങ്കിൽ അവ തട്ടിപ്പുകാരുടെ പക്കലെത്തിയേക്കാം. തുടർന്ന് തട്ടിപ്പുകാർ ബാങ്കിന്റെ പേര് അറിയാൻ സാധാരണയായി ഇരകളെ പിന്തുടരുന്നു. കൃത്രിമ സിലിക്കൺ വിരലടയാളം ഉപയോഗിച്ച് പണം പിൻ‌വലിക്കുന്നു.